കാസര്‍കോട്: ബേക്കല്‍ പൊലീസ് സ്റ്റേഷനില്‍ നിന്നു ഒന്നര കിലോമീറ്ററോളം ദൂരെയുള്ള പാലക്കുന്ന് ടൗണില്‍ ബേക്കറി കട കുത്തിത്തുറന്നു മോഷണം. റെയില്‍വെ സ്‌റ്റേഷന്‍ റോഡ് ജംഗ്ഷനിലെ ഐഡിയല്‍ ബേക്കറിയിലാണ് കവര്‍ച്ച നടന്നത്. കടയുടെ ഷട്ടറിന്റെ പൂട്ട് തകർത്താണ് മോഷ്ടാക്കള്‍ അകത്തു കയറിയത്. മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. മുഖം മൂടി ധരിച്ചെത്തിയ രണ്ടു പേര്‍ ബേക്കറി സാധനങ്ങള്‍ക്കിടയില്‍ തെരച്ചില്‍ നടത്തുന്നതിന്റെയും നോട്ടുകളും നാണയങ്ങളും കൈക്കലാക്കുന്നതിന്റെയും ദൃശ്യങ്ങളാണ് സിസിടിവി ക്യാമറയില്‍ പതിഞ്ഞത്. ചൊവ്വാഴ്ച പുലര്‍ച്ചെ 3.30 മണിയോടെയാണ് സംഭവം. ബേക്കറി ഉടമകള്‍ നല്‍കിയ പരാതിയില്‍ ബേക്കല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.






