കാസര്‍കോട്: 2,226 പാക്കറ്റ് – കുപ്പി കര്‍ണ്ണാടക മദ്യം കടത്തുകയായിരുന്ന കാര്‍ ദേശീയപാത സര്‍വ്വീസ് റോഡില്‍ ഓവുചാലിനായി എടുത്ത കുഴിയില്‍ വീണു. വിവരമറിഞ്ഞ് എത്തിയ പ്രതിയെയും മദ്യവും കാറും കസ്റ്റഡിയിലെടുത്തു. മീഞ്ച, കുളൂര്‍, കെമ്മങ്കള, ചാര്‍ളയിലെ പ്രജ്വല്‍ (25) ആണ് മഞ്ചേശ്വരം എസ് ഐ കെ ആര്‍ ഉമേശിന്റെയും സംഘത്തിന്റെയും പിടിയിലായത്.
തിങ്കളാഴ്ച രാത്രി 11.30 മണിയോടെ ഉപ്പള ഗൈറ്റിനു സമീപത്ത് കാസര്‍കോട് ഭാഗത്തേയ്ക്കുള്ള സര്‍വ്വീസ് റോഡിലാണ് അപകടം ഉണ്ടായത്. സ്ഥലത്ത് വെള്ളം കെട്ടി നില്‍ക്കുന്നത് ഒഴിവാക്കുന്നതിനാണ് ഓവുചാല്‍ നിര്‍മ്മിക്കുന്നതിനു ആഴത്തിലുള്ള കുഴിയെടുത്തത്. ഇതിന്റെ കോണ്‍ക്രീറ്റ് ജോലിക്കുള്ള ഒരുക്കങ്ങള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് തിങ്കളാഴ്ച രാത്രി കാര്‍ ഓവുചാലിനു എടുത്ത കുഴിയിലേയ്ക്ക് മറിഞ്ഞത്. വിവരമറിഞ്ഞ് എത്തിയ മഞ്ചേശ്വരം പൊലീസ് നടത്തിയ പരിശോധനയിലാണ് കര്‍ണ്ണാടക മദ്യം പിടികൂടിയത്. 39 ബോക്‌സ് മദ്യമാണ് പിടിയിലായത്. 180 മില്ലി ലിറ്ററിന്റെ 1483 കുപ്പി മദ്യവും 90 മില്ലി ലിറ്ററിന്റെ 763 പാക്കറ്റ് മദ്യവുമാണ് പെട്ടികള്‍ക്കകത്ത് ഉണ്ടായിരുന്നത്.






