കാസര്‍കോട്: മാതാപിതാക്കള്‍ ജോലിക്കു പോയ സമയത്ത് വീട്ടില്‍ തനിച്ചായിരുന്ന പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം. പെണ്‍കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ യുവാവിനെ പിടികൂടി പൊലീസിനു കൈമാറി. തൃശൂര്‍, വലപ്പാട് സ്വദേശിയും ചെറുവത്തൂരിനു സമീപത്ത് താമസിച്ച് മത്സ്യബന്ധന തൊഴില്‍ ചെയ്തു വരുന്ന പി.വി സാജു (43)വിനെ ചന്തേര പൊലീസ് പോക്‌സോ പ്രകാരം അറസ്റ്റു ചെയ്തു.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് കേസിനാസ്പദമായ സംഭവം. അതിഥി തൊഴിലാളികളായ മാതാപിതാക്കള്‍ ജോലിക്കു പോയ സമയത്ത് 11 വയസ്സുള്ള പെണ്‍കുട്ടി താമസ സ്ഥലത്ത് തനിച്ചായിരുന്നു. ഈ സമയത്ത് സ്ഥലത്ത് എത്തിയസാജു പെണ്‍കുട്ടിയെ കയറിപ്പിടിക്കുകയായിരുന്നുവെന്നു പറയുന്നു. പെണ്‍കുട്ടി നിലവിളിക്കുകയും ബഹളം വയ്ക്കുകയും ചെയ്തതോടെ സമീപവാസികള്‍ ഓടിയെത്തി. ഇതേ തുടര്‍ന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച അക്രമിയെ കയ്യോടെ പിടികൂടുകയായിരുന്നു. അറസ്റ്റിലായ സാജുവിനെതിരെ സ്വദേശത്ത് ഏതെങ്കിലും കേസുകള്‍ ഉണ്ടോയെന്ന് പരിശോധിച്ചു വരികയാണ് പൊലീസ്.






