തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. 2,21,986 വോട്ടുകൾ നേടിയ രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുപ്പെട്ടു.രാഹുൽ 2,21,986 വോട്ട് നേടിയപ്പോൾ തൊട്ടടുത്ത എതിർ സ്ഥാനാർഥി അഡ്വ. അബിൻ വർക്കിക്ക് 1,68,588 വോട്ടാണ് ലഭിച്ചത്. അരിത ബാബു 31,930 വോട്ട് നേടി.തെരഞ്ഞെടുപ്പ് നടന്ന് രണ്ട് മാസത്തിന് ശേഷമാണ് ഫലം വരുന്നത്. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്ക് എ – ഐ ഗ്രൂപ്പുകൾ തമ്മിൽ നേരിട്ടായിരുന്നു മത്സരം. എ ഗ്രൂപ്പ് സ്ഥാനാർത്ഥിയായി രാഹുൽ മാങ്കൂട്ടത്തിലും ഐ ഗ്രൂപ്പ് സ്ഥാനാർത്ഥിയായി അബിൻ വർക്കിയുമാണ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ഏറ്റുമുട്ടിയത്.സംഘടനാ പ്രവർത്തനങ്ങൾക്ക് ഒപ്പം ടെലിവിഷൻ ചർച്ചകളിലും സജീവമായ രാഹുൽ പുതു തലമുറ കോൺഗ്രസ്സ് നേതാക്കളിൽ ഏറെ ജനപ്രിയനാണ്.
