കാസര്‍കോട്: മോഷ്ടിച്ച ബൈക്കുമായി മോഷ്ടാവ് പല തവണ എ.ഐ ക്യാമറയില്‍ കുടുങ്ങിയപ്പോള്‍ പൊല്ലാപ്പിലായത് വാഹന ഉടമ. നിയമ ലംഘനത്തിന് എ.ഐ ക്യാമറ അയച്ചത് നാല് നോട്ടീസുകളാണ്. കാഞ്ഞങ്ങാട് പുതിയ കോട്ടയിലെ ചുമട്ടുതൊഴിലാളി ഏച്ചിക്കാനം ചെമ്പിലോട് സ്വദേശി കെ.ഭാസ്‌കരനാണ് നാലു തവണ നിയമ ലംഘനം നടത്തിയതിന് 500 രൂപ വീതം പിഴയടക്കാന്‍ നോട്ടിസ് വന്നത്. ജൂണ്‍ 27 ന് വൈകീട്ടാണ് ഭാസ്‌കരന്റെ ബൈക്ക് മോഷണം പോയത്. പുതിയകോട്ട മാന്‍ ആര്‍ക്കേഡ് ബില്‍ഡിംഗിന്റെ പാര്‍ക്കിങ് ഏരിയയില്‍ നിന്നാണ് കെ.എല്‍ 14 എഫ് 1014 ഹീറോ പാഷന്‍ പ്ലസ് ബൈക്ക് കവര്‍ന്നത്. അപ്പോള്‍ തന്നെ പരാതി നല്‍കിയിരുന്നെങ്കിലും കണ്ടെത്താനാകുമെന്ന പ്രതീക്ഷയില്‍ കേസെടുത്തിരുന്നില്ല. അതിനിടെയാണ് കഴിഞ്ഞ ദിവസം പിഴ ചുമത്തി നോട്ടിസ് വന്നത്. കോഴിക്കാട് കൊയിലാണ്ടി ഭാഗത്തെ എ.ഐ ക്യാമറയിലാണ് ഹെല്‍മറ്റ് ധരിക്കാതെ സഞ്ചരിച്ച മോഷ്ടാവ് ക്യാമറയില്‍ കുടുങ്ങിയത്. തുടരെ തുടരെ നോട്ടീസ് വന്നതോടെ വീണ്ടും പൊലീസിനെ സമീപിക്കുകയായിരുന്നു. ഹോസുര്‍ഗ് പൊലീസ് ഇപ്പോള്‍ മോഷണത്തിന് കേസെടുത്തിട്ടുണ്ട്. മോഷ്ടാവ് നല്‍കിയ എട്ടിന്റെ പണിയായതിനാല്‍ തല്‍ക്കാലം പിഴ അടക്കേണ്ടതില്ലെന്നാണ് തൊഴിലാളിക്ക് ലഭിച്ച നിയമോപദേശം. എ.ഐ ക്യാമറ പുറത്ത് വിട്ട ചിത്രം വഴി മോഷ്ടാവിനെ കണ്ടെത്താനാകുമെന്ന ശ്രമത്തിലാണ് പൊലീസ് ഇപ്പോള്‍.
