സംസ്ഥാന ഭാരവാഹികള്‍ക്ക് മര്‍ദ്ദനം; സംസ്ഥാനത്ത് നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: കെ.എസ്.യു തിരുവനന്തപുരം ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ വനിതാ സംസ്ഥാന ഭാരവാഹികള്‍ അടക്കം ക്രൂരമായി മര്‍ദ്ദിച്ച പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തുടനീളം നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്യുന്നതായി കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ അറിയിച്ചു. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും വിഷയത്തിന്റെ ഗൗരവം മുന്നില്‍കണ്ട് പ്രതിഷേധ മാര്‍ച്ചുകള്‍, പ്രകടനങ്ങള്‍ തുടങ്ങിയവ നടത്താനും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് ആഹ്വാനം ചെയ്തു. കേരളവര്‍മ്മ കോളേജിലെ ജനാധിപത്യ ഇലക്ഷന്‍ അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തിയ ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ച്ചയിലേക്ക് നയിക്കുന്ന ആര്‍.ബിന്ദു രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷം. ബാരിക്കേട് മറിച്ചിടാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെ, പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ലാത്തി വീശി. ഇതോടെ, പ്രവര്‍ത്തകരും പൊലീസും തമ്മില്‍ കയ്യാങ്കളിയായി. ലാത്തി ചാര്‍ജില്‍ വനിതാ പ്രവര്‍ത്തകര്‍ അടക്കം നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. മൂന്ന് കെ എസ് യു നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാന സെക്രട്ടറി ഫര്‍ഹാന്‍ മുണ്ടേരി, ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാര്‍, പ്രതുല്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മന്ത്രിയുടെ വീടിന് മുന്നിലും പിന്നാലെ പാളയത്തും കെഎസ് യു പ്രതിഷേധമുണ്ടായി. പാളയം റോഡ് കെഎസ് യു ഉപരോധിച്ചു. ചിത്തരഞ്ചന്‍ എംഎല്‍എയുടെ വാഹനം തടഞ്ഞു. കേരളീയം ഫ്‌ലക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചു. കന്റോമെന്റ് പൊലീസ് വാഹനത്തിന്റെ താക്കോല്‍ പ്രവര്‍ത്തകര്‍ നശിപ്പിച്ചു. കെഎസ് യു നെടുമങ്ങാട് ബ്ലോക്ക് ഭാരവാഹി അഭിജിത്തിനെ അറസ്റ്റ് ചെയ്തു കൊണ്ടുപോയപ്പോഴാണ് വാഹനം തടഞ്ഞ് താക്കോല്‍ ഊരി വാങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page