‘അതിരേത്’ – ഭാഗം-2

ഭാഗം.2

ഇടവപ്പാതി തിമിര്‍ത്തു പെയ്യുന്ന കാലം

ഒരു തുള്ളിക്കൊരു കുടമെന്നപോലെയാണ് മഴ ഭൂമിയിലേക്ക് പതിച്ചു കൊണ്ടിരിക്കുന്നത്.
കണ്ണ് മഞ്ഞളിച്ചു പോകുന്ന മിന്നലും കാത് തകര്‍ന്ന് പോകുന്ന ഇടിയും കൂടെയായപ്പോ
ഓലമേഞ്ഞ ആ പഴയ ഷെഡ്ഡ് വീശിയടിക്കുന്ന കാറ്റിനൊപ്പം പറന്ന് പോകുമോയെന്ന പേടിയിലാണ് ഞാനും നാണുവേട്ടനും നേരം വെളുപ്പിച്ചത്. പക്ഷെ അന്ന് കുന്നിന്‍ ചെരുവിലെ നേരം പുലര്‍ന്നത് താഴെ തട്ടിലെ, ഒരു നാട് മുഴുവന്‍ വെള്ളത്തിനടിയിലാണെന്ന വാര്‍ത്ത കേട്ടായിരുന്നു.
കേട്ട് കഴിഞ്ഞപ്പോ പിന്നെ അവിടെ നില്‍ക്കാന്‍ തോന്നിയില്ല. നിസ്സഹായരായി നില്‍ക്കുന്ന ഉമ്മയുടെയും പെങ്ങന്മാരുടെയും മുഖം എന്റെ ജീവനേക്കാള്‍ വലുതല്ലെന്ന് എനിക്ക് തോന്നി.
താഴേക്ക് ഇറങ്ങി വരാന്‍ നേരം പലരുമെതിര്‍ത്തു.
കുറ്റ്യാടി പുഴ നിറകവിഞ്ഞൊഴുകുകയാണ്.
കലി തുള്ളി അരിശം തീര്‍ക്കുന്നത് പോലെ തോരാത്ത മഴയും.
തോടെതാ വഴിയേതാന്ന് തിരിച്ചറിയാനും വയ്യ. കുന്നിടിഞ്ഞു വരുന്ന വെള്ളത്തിനു ചോരയുടെ നിറവും. എങ്കിലും ഉമ്മയെയും പെങ്ങന്മാരെയും ഓര്‍ത്തപ്പോ ഇരുപ്പുറച്ചില്ല. പെരുവെള്ളത്തില്‍ കിടന്ന് അവരെന്തായെന്ന ചിന്ത കാലുക്കള്‍ക്ക് വേഗത കൂട്ടി.
കുന്നിറങ്ങി കഴിഞ്ഞപ്പോഴേക്കും കഴുത്തൊപ്പം വെള്ളമുണ്ട്.
ജനങ്ങള്‍ എന്ത് ചെയ്യണമെന്നറിയാതെ തലങ്ങും വിലങ്ങും ഓടുകയാണ്.
പലരുടെയും പലതും നശിച്ചു. വീട് കൃഷി കടമുറികള്‍ സാധനങ്ങള്‍ അങ്ങനെ പലതും.
വീട് നില്‍ക്കുന്നിടത്തേക്ക് ചെന്നപ്പോഴേക്കും പകുതി മുക്കാലും വെള്ളത്തിനടിയിലാണ്.
ആകെയുണ്ടായിരുന്നു അഞ്ചാറു തുണികളും വക്ക് പൊട്ടിയ പാത്രങ്ങളും കുതിച്ചെത്തിയ വെള്ളത്തിനൊപ്പം കടല്‍ തേടി ഇറങ്ങിയിരുന്നു. അല്‍പം മുകളിലായി മൂത്തമ്മയുടെ വീടുണ്ട്. അവിടെയാണ് ഉമ്മയും പെങ്ങന്‍മാരും അഭയം കണ്ടെത്തിയിരിക്കുന്നതെന്ന്, ഒഴുകിപ്പോകാന്‍ തുടങ്ങുന്ന വൈക്കോല്‍ കൂനയെ പിടിച്ചുനിര്‍ത്താന്‍ പാടുപെടുന്നതിനിടയിലും ജമാലിക്ക വിളിച്ചു പറഞ്ഞപ്പോ ഞാന്‍ നേരെ അങ്ങോട്ട് കുതിച്ചു. എന്നെ കണ്ടപ്പോ തന്നെ ഉമ്മ കരച്ചില്‍ തുടങ്ങിയിരുന്നു.
അല്ലെങ്കിലും എങ്ങനെ കരയാതിരിക്കും. പേരിനെങ്കിലും ഒരു കൂരയുണ്ടായിരുന്നു ഇപ്പോ അതും തകര്‍ച്ചയുടെ വക്കിലാണ്. പെങ്ങന്മാരാണെങ്കില്‍ നിലയില്ലാ കയത്തിലെ തോണിയിലെന്നപോലെ, എന്തുചെയ്യണമെന്നറിയാതെ ഉമ്മയുടെ ഇടവും വലവുമിരിക്കുകയാണ്.
തുഴയാന്‍ പങ്കായമില്ലാത്ത ഉമ്മയെന്ന തോണി മുങ്ങുമ്പോള്‍ മുങ്ങാനും, നീങ്ങുമ്പോള്‍ തുണയാകാനും തയ്യാറായിരിക്കുന്നുയെന്ന പോലെ. മൂന്നാമത്തവള്‍ക്കാണെങ്കില്‍ തീ പൊള്ളുന്ന പനി.
തുടങ്ങിയിട്ട് അഞ്ചാറു ദിവസമായെന്ന ഉമ്മ പറഞ്ഞത്. ഇഞ്ചിയിട്ട കാപ്പിയും,നാരങ്ങ പിഴിഞ്ഞ കൂര്‍ക്ക ചാറോക്കെ കൊടുത്തിട്ടുണ്ടെന്ന ഉമ്മയുടെ പറച്ചില്‍. പക്ഷെ ഉമ്മയുടെ ആ വൈദ്യങ്ങള്‍ക്കൊന്നും അതിനെ പിടിച്ചു നിര്‍ത്താനാവില്ലെന്ന് എനിക്ക് തോന്നി. മൂന്നുമുറി മുക്കിലെ കന്യാസ്ത്രീകളുടെ മഡത്തിലെത്തിയ അവര് വല്ലോം ചെയ്യുമെന്ന് എനിക്ക് ഉറപ്പാണ്.
പക്ഷെ ഈ അവസ്ഥയില്‍ എങ്ങനെ. ഇരുകരയും നിറഞ്ഞങ്ങനെ ഒഴുകയാണ്.
അവള്‍ക്കാണെങ്കില്‍ ഒരു ശ്വാസമുണ്ടെന്ന് മാത്രം. വെള്ളം വല്ലോം കിട്ടോന്ന് നോക്കാനാണ് ഞാനാവിടന്ന് പുറത്തേക്കിറങ്ങിയത്. പക്ഷെ കഴുത്തോപ്പം വെള്ളത്തിലെ അലച്ചില്‍ മാത്രം ബാക്കി.
നിരാശയോടെ തിരികെ മടങ്ങുമ്പോഴാണ് വീടിന്റെ അടുത്ത് നിന്നും നാട്ടുകാരുടെ അലറി വിളിയും ബഹളവും കേട്ടത്. ഉമ്മ ആര്‍ത്ത് വിളിക്കുന്നുത് ഇങ്ങു പറമ്പത്ത് വരെ കേള്‍ക്കാം.
‘ബദീരീങ്ങളെ, അവള്‍ക്ക് വല്ലതും.’ മനസ്സിലേക്ക് വേണ്ടാത്ത പല ചിന്തകളും, ഒരൊറ്റ നിമിഷം കൊണ്ട് ഇരച്ചു കയറി. വേവലാതിയുടെ ആക്കം കൊണ്ട് കാലുകള്‍ കുഴഞ്ഞു പോവുകയാണ്.
എങ്കിലും സര്‍വ്വശക്തിയുമെടുത്ത് മുന്നോട്ട് തന്നെ ഞാനാഞ്ഞു നടന്നു. കാര്യം തിരക്കിയപ്പോഴാണറിഞ്ഞത് തൊഴുത്തിലെ പയ്യിനെ നോക്കാന്‍ പോയ മൂത്തമ്മ പിന്നെ തിരിച്ചു വന്നില്ലത്രേ. കുത്തിയൊലിച്ച വെള്ളത്തിനൊപ്പം മൂത്തുമ്മയും ഒലിച്ചു പോയതാവുമ്മെന്നാണ് നാട്ടുകാരുടെ പറച്ചില്‍.ആ വാര്‍ത്ത കാട്ട് തീ പോലെ പടര്‍ന്നു. കമ്പും തണ്ടും തോണിയുമൊക്കെയായി അപ്പോഴേക്കും നാട്ടുകാരില്‍ പലരും തിരച്ചില്‍ തുടങ്ങിയിരുന്നു. നേരത്തോട് നേരമടുത്തിട്ടും ഒരു വിവരവുമില്ല. മരിച്ചെന്ന് വിധിയെഴുതി പലരും കയ്യൊഴിഞ്ഞു. പക്ഷേ പടച്ചവന്റെ കിതാബില്‍ മൂത്തുമ്മാന്റെ ആയുസ്സിന് പിന്നെയും നീളമുണ്ടായിരുന്നിരിക്കണം. പുഴവക്കിലെ മരക്കൊമ്പില്‍ ഒരു സ്ത്രീയുടെ രൂപം കാണുന്നുണ്ടെന്ന് ആരോ പറഞ്ഞ അറിവിലാണ് നാട്ടുകാര്‍ അങ്ങോട്ട് കുതിച്ചെത്തിയത്.
നോക്കുമ്പോള്‍ പൂര്‍ണ്ണ നഗ്‌നയായി ജീവനും കയ്യില്‍ പിടിച്ചു കൊണ്ട് മൂത്തുമ്മ തൂങ്ങി നില്‍ക്കുകയാണ്.
കണ്ട് നിന്നവരില്‍ നിന്ന് ഏതോ ഒരാള്‍ ഉടുമുണ്ടഴിച്ചു അവര്‍ക്ക് നാണം മറക്കാനുള്ള വഴിയിരുക്കി.
തണുത്ത് വിറങ്ങലിച്ച് പേടിച്ച് വിറച്ച്, നാണം മറക്കാന്‍ ഒരു തുണ്ട് തുണിപോലുമില്ലാതെ മരണത്തെ മുന്നില്‍ കണ്ട് ഒരു രാത്രി മുഴുവന്‍ എന്റെ മൂത്തമ്മ അവിടെ കഴിച്ചു കൂട്ടിയതോര്‍ക്കുമ്പോ എന്റെ ഹൃദയം ഇപ്പോഴും മുറിഞ്ഞു പോകുന്നത് പോലെ എനിക്ക് തോന്നും. മൂത്തമ്മ പോയ വെപ്രാളത്തില്‍ ഞാന്‍ മറന്നുപോയ മറ്റൊരു മുഖമുണ്ടായിരുന്നവിടെ. പനിച്ചു വിറങ്ങലിച്ചു കിടന്ന എന്റെ സ്വന്തം കൂടെപ്പിറപ്പ്.
മൂത്തുമ്മ പോയതിന്റെ തീ കെട്ടടങ്ങുമ്പോഴേക്കും ഒരുപാട് വൈകിയിരുന്നു. പനി പിന്നെയും കൂടി.
അപസ്മാര രോഗിയെ പോലെ,എന്റെ മടിയില്‍ കിടന്ന് ആഞ്ഞുവലിക്കുന്ന അവളുടെ അവസാന ശ്വാസത്തെ പിടിച്ചുനിര്‍ത്താന്‍ റബ്ബിനോട് ഞാന്‍ കരഞ്ഞ് പറഞ്ഞു.
പക്ഷേ ഹൃദയം പൊട്ടിയുള്ള എന്റെയാ അവസാന നിമിഷത്തെ നിലവിളി കേള്‍ക്കാന്‍ റബ്ബിന് മനസ്സുണ്ടായി കാണില്ല. എന്റെ മടിയില്‍ കിടന്ന്, ഒരിറ്റ് ശ്വാസത്തിനുവേണ്ടി പിടഞ്ഞു പിടഞ്ഞ് അവള്‍ മരിച്ചു വീണു. ചുറ്റുമിരുന്ന് മുറവിളി കൂട്ടാനല്ലാതെ,ബാക്കിയുള്ളവര്‍ക്ക് മറ്റെന്താണ് ചെയ്യാന്‍ കഴിയുക.
മരണത്തിന് മരുന്നില്ലല്ലോ. എങ്കിലും ഒരല്‍പം മുമ്പ് ആശുപത്രിയിലെത്തിച്ചിരുന്നെങ്കില്‍ അവള്‍ മരിച്ചു പോകില്ലായിരുന്നുവെന്ന് പറഞ്ഞ് മനസ്സ് ഇപ്പോഴും എന്നെ കൊത്തി പറിക്കുകയാണ്. അവളുടെ ഒട്ടിയ വയറും, എല്ലുന്തിയ മെലിഞ്ഞ കൈകളും ഇപ്പോഴും എന്റെ ഉറക്കം കെടുത്താറുണ്ട്. മയ്യത്തിനെ നോക്കി എന്റെ ഉമ്മാ ആര്‍ത്ത് കരഞ്ഞതത്രയും മൂന്ന് ദിവസമായി അന്നം ചെല്ലാത്ത അവളുടെ വയറ്റിനെ കുറിച്ചായിരുന്നു. വിശപ്പിന്റെ വിളിയെ കുറിച്ച് വേവലാതിപ്പെടാന്‍ മാത്രം അതിന് പുതുമയുണ്ടോന്ന് ഉറക്കെ ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷെ തൊണ്ടയില്‍ കുടുങ്ങിയ കരച്ചിലില്‍ ശബ്ദം പുറത്തേക്ക് വന്നില്ല. അല്ലെങ്കിലും എന്നാണ് ഞങ്ങള്‍ വയറു നിറച്ചു ഉണ്ടിട്ടുള്ളത്. ഈ ലോകത്ത് ജനിച്ചുപോയെന്നൊരു പാപം മാത്രമേ ഞങ്ങള്‍ ചെയ്തിട്ടുള്ളൂ. എന്നിട്ടും അനുഭവിക്കാത്ത വേദനകളില്ല അപമാനങ്ങളില്ല.
ഓര്‍ക്കുന്തോറും മനസ്സിങ്ങനെ നീറിപ്പുകയുകയാണ്.
മൂന്നാം പക്കമാകുമ്പോഴേക്കും മഴ അല്‍പം നിലച്ചു.
വെള്ളം താണ് തുടങ്ങി. വീടുകള്‍ നിറയെ ഒലിച്ചിറങ്ങിയ ചെളിയും പാമ്പും തേളും പഴുതാരയുമൊക്കെയായിരുന്നു. വീടിന്റെ പാതി വെള്ളം കൊണ്ടുപോയെങ്കിലും തട്ടിയും മുട്ടിയും എങ്ങനെയൊക്കെയോ വീണ്ടുമത് ഒരു കൂരയുടെ രൂപത്തിലാക്കി.
പക്ഷേ പിന്നെ അവരെ തനിച്ചാക്കി മല കയറാന്‍ എനിക്ക് മനസ്സ് വന്നില്ല. കയ്യും കാലും പിടിച്ച് കവലയിലെ ദാമോദരേട്ടന്റെ ഹോട്ടലില്‍ ഒരു ജോലി ശരിയാക്കി. പാത്രം കഴുകലായിരുന്നു ജോലി.
എങ്കിലും ഇരുട്ടി തുടങ്ങുമ്പോഴേക്കും വീട്ടിലെത്താം. പിന്നെ വയറുനിറച്ച് ചായയും പലഹാരവും കിട്ടും അതുതന്നെയാണ് ഏറ്റവും വലുതായി എനിക്ക് തോന്നിയ കാര്യം. പിന്നെ ഉണ്ടാക്കിയതില്‍ ബാക്കി വന്ന എന്തെങ്കിലുമുണ്ടെങ്കില്‍ വീട്ടിലേക്ക് പൊതിഞ്ഞു കൊണ്ടുപോയിക്കോളാന്‍ ദാമോദരേട്ടന്‍ അനുവാദം തന്നിരുന്നു. പക്ഷേ ആ ജോലിക്ക് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല.
പഠിപ്പ് നിര്‍ത്തി ചെക്കന്‍ ചായ ഗ്ലാസ് കഴുകുകയാണെന്ന് ആരോ എന്നെ പഠിപ്പിച്ച വിജയന്‍ മാഷിന്റെ ചെവിയിലെത്തിച്ചു. ആ സ്‌കൂളില്‍ എന്നോട് അല്‍പം കനിവ് കാണിച്ചിരുന്നവരില്‍ മുന്‍പന്തിയിലുള്ള ഒരാളാണ് വിജയമാഷ്. അങ്ങനെ മാഷ് വന്ന് വീണ്ടും അതും മിതും പറഞ്ഞു എന്നെ സ്‌കൂളിലേക്ക് തിരികെ വിളിച്ചു കൊണ്ടു പോയി. ഏഴാം ക്ലാസിലേക്കായിരുന്നു നിയമനം. അതിനുവേണ്ട പാഠപുസ്തകങ്ങളും സഞ്ചിയും യൂണിഫോമുമൊക്കെ വിജയന്‍ മാഷിന്റെ സംഭാവന തന്നെയായിരുന്നു.
പക്ഷേ എന്തോ ആ പഠിപ്പും അധികകാലം നിലനിര്‍ത്താന്‍ എനിക്കായില്ല.
മാനം കറുക്കുമ്പോള്‍ ഉള്ള് പേടിച്ചു തുടങ്ങും. ശ്വാസം കിട്ടാതെ അവളെനിക്ക് മുന്നില്‍ പിടഞ്ഞതും,തകര്‍ന്നടിയാന്‍ പോകുന്ന വീടും, ഒലിച്ചു പോകുന്ന മനുഷ്യരും അപ്പോഴും വീട്ടില്‍ മുഴച്ച് നില്‍ക്കുന്ന ദാരിദ്ര്യവുമൊക്കെ എന്നെ അസ്വസ്ഥമാക്കി കൊണ്ടിരുന്നു.
ആ അസ്വസ്ഥതയാണ് ഇന്നെന്നെ ഈ നിലത്ത് കിടത്തിയിരിക്കുന്നത്..
മാഷ് വാങ്ങി തന്ന പുസ്തകങ്ങളും സഞ്ചിയുമൊക്കെ പണത്തിനു വേണ്ടി മറ്റു പലര്‍ക്കും വില്‍പ്പന ചരക്കാക്കി. ആകെ പിടിവള്ളിയായി ആ വീട്ടിലുണ്ടായിരുന്ന സ്വര്‍ണ്ണമാലയും ഇത്രയും കാലം ചോര നീരാക്കി ഞാന്‍ സ്വരൂപ്പിച്ചതും ഒക്കെ കാലിയായി. താങ്ങാനാവാത്ത ദുഃഖവും നിരാശയും അസ്തമിച്ച രാത്രിയും മാത്രമാണ് ഇപ്പോ എനിക്ക് കൈമുതല്‍. നാളെ നേരം പുലരുമ്പോ ഞാനെങ്ങോട്ട് പോകും ആരോട് യാചിക്കും. ഒന്നുമറിയില്ല. കണ്ണുകള്‍ പിന്നെയും നിറഞ്ഞൊഴുകയയാണ്.
ഈ കൂരിരുട്ടില്‍ ആരാണ് റബ്ബേ ഇനി എനിക്ക് തുണയുണ്ടാവുക. യാത്രയുടെ അലച്ചിലും വേദനയുടെ ആഴവും കൊണ്ട് അറിയാതെ എപ്പോഴോ കണ്ണുകള്‍ അടഞ്ഞു പോയി.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page