വിയ്യൂർ ജയിലിൽ സംഘർഷം: കൊടി സുനി അടക്കമുള്ള പ്രതികൾ ജയിൽ ജീവനക്കാരെ ആക്രമിച്ചു, ഒരാൾക്ക് ഗുരുതരം

തൃശൂർ: വിയ്യൂർ അതിസുരക്ഷാ ജയിലിൽ സംഘർഷം. ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയുടെ നേതൃത്വത്തിൽ തടവുപുള്ളികൾ ജയിൽ ജീവനക്കാരെ ആക്രമിച്ചതായി വിവരം. മൂന്ന് ജയിൽ ജീവനക്കാർക്കും ഒരു പ്രതിക്കും പരിക്കേറ്റു.
കൊടി സുനി, കാട്ടുണ്ണി രഞ്ജിത്ത്, പൂച്ച സാജു, മിബു രാജ് തുടങ്ങിയ പത്തോളം തടവുകാരായിരുന്നു സംഘര്‍ഷങ്ങള്‍ക്ക് പിന്നിൽ. ജയില്‍ ജീവനക്കാരായ അര്‍ജുന്‍, ഓംപ്രകാശ്, വിജയകുമാര്‍ എന്നിവര്‍ക്ക് പരിക്കേറ്റു. മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള അര്‍ജുന്‍റെ പരിക്ക് സാരമുള്ളതാണ്. ഞായറാഴ്ച രാവിലെ കൊടി സുനിയുടെ നേതൃത്വത്തിലുള്ള സംഘവും തിരുവനന്തപുരം സ്വദേശികളായ കൊലക്കേസ് പ്രതികളുമായി സംഘർഷമുണ്ടായിരുന്നു. ഇതിന് പിന്നാലെ ഇവരെ ജയിൽ ഉദ്യോ​ഗസ്ഥർ ഇടപെട്ട് മറ്റൊരു ബ്ലോക്കിലേക്ക് മാറ്റിയിരുന്നു. തുടർന്ന് കൊടി സുനിയും സംഘവും പ്രതികളെ മാറ്റിയ ബ്ലോക്കിലേക്കെത്തി ഇവരെ ആക്രമിക്കുകയായിരുന്നു. കൊലക്കേസ് പ്രതികളിലൊരാൾ സ്വയം പരിക്കേൽപ്പിച്ചതായും വിവരമുണ്ട്.
ഓഫീസിലേക്ക് പരാതിയുമായി പോയ അവർ ഓഫീസ് മുറിയിൽ വെച്ച് ചായ കൊണ്ടുവന്ന ഗ്ലാസ് കൊണ്ട് കൈമുറിക്കാൻ ശ്രമിച്ചു. ഈ സമയത്ത് തന്നെ കൊടി സുനിയുടെ നേതൃത്വത്തിലുളള സംഘം ഗാർഡ് ഓഫീസറുടെ മുറിയും തകർത്തു. മുറിയിലുണ്ടായിരുന്ന ഫർണീച്ചറുകളും തകർത്തുവെന്നുമാണ് ജയിൽ അധികൃതർ പറയുന്നത്. ജില്ലാ ജയിലിൽ നിന്നും കൂടി ഉദ്യോഗസ്ഥരെത്തിയാണ് സ്ഥിതി നിയന്ത്രണവിധേയമാക്കിയത്. നിലവിൽ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് ജയിൽ അധികൃതർ അറിയിച്ചു. സംഘർഷത്തിൽ നിന്ന് ഇവരെ തടയാൻ ശ്രമിക്കുന്നതിനിടെയാണ് മൂന്ന് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റത്. കമ്പിയടക്കമുള്ള ആയുധങ്ങൾ ഉപയോ​ഗിച്ചായിരുന്നു ആക്രമണം. ജയിൽ ഓഫീസിലെ ഫർണിച്ചറുകളും നശിപ്പിച്ചിട്ടുണ്ട്. മൂവരെയും തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page