ട്രെയിനില്‍ കവര്‍ച്ചക്കാര്‍; കയ്യോടെ പിടികൂടി റെയില്‍വേ പൊലീസ്; മലബാര്‍ എക്സ്പ്രസ് വൈകിയോടി

കണ്ണൂര്‍: ട്രെയിനില്‍ കവര്‍ച്ച നടത്തിയ മോഷ്ടാക്കളെ മണിക്കൂറുകള്‍ക്കകം വലയിലാക്കി കണ്ണൂര്‍ റെയില്‍വെ പൊലീസ്. യാത്രക്കാരുടെ മൊബൈല്‍ഫോണും പണവുമടങ്ങിയ പഴ്സും കവര്‍ച്ച ചെയ്ത് ട്രെയിനിലെ ബാത്തുറൂമില്‍ ഒളിച്ചിരുന്ന കുപ്രസിദ്ധ മോഷ്ടാക്കളെ പൊലീസ് കയ്യോടെ പിടികൂടി. നിരവധി കേസുകളില്‍ പ്രതിയും ഫോര്‍ട്ട് കൊച്ചി, കലാവതി, പുഴങ്കര ഇല്ലത്ത് തന്‍സീര്‍ (19), മട്ടാഞ്ചേരി സ്വദേശിയായ 17 കാരന്‍ എന്നിവരാണ് വ്യാഴാഴ്ച പുലര്‍ച്ചെ ഷൊര്‍ണ്ണൂരില്‍ വച്ച് റെയില്‍വെ പൊലീസിന്റെ പിടിയിലായത്. തിരുവനന്തപുരത്തു നിന്നു മംഗളൂരുവിലേയ്ക്ക് വരികയായിരുന്ന മലബാര്‍ എക്സ്പ്രസിലാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് മാവേലി, മലബാര്‍ എക്‌സപ്രസുകള്‍ വൈകിയോടി. എസ് 4 കോച്ചില്‍ കൊല്ലത്തുനിന്നും കോഴിക്കോട് വരെ യാത്ര ചെയ്യുകയായിരുന്നു ബി.ഡി.എസ് വിദ്യാര്‍ത്ഥിനിയുടെ മൊബൈല്‍ ഫോണ്‍ ആണ് സംഘം ആദ്യം മോഷ്ടിച്ചത്. ഇതിനിടെ എസ് 9 കോച്ചില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ടിടിഇയുടെ ലോക്ക് ചെയ്ത ബാഗും സംഘം പൊട്ടിച്ചെടുത്തിരുന്നു. ഇതിനിടെ എ വണ്‍ കോച്ചില്‍ കോഴിക്കോട് വരെ യാത്ര ചെയ്യുകയായിരുന്ന ഒരു യാത്രക്കാരന്റെ പേഴ്‌സ് കളവ് പോയതായും അറിഞ്ഞതോടെ തൃശ്ശൂരില്‍ നിന്നും കണ്ണൂര്‍ വരെ സുരക്ഷാ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന റെയില്‍വേ പൊലീസ് എല്ലാ കോച്ചുകളിലും കള്ളന്മാരെ തിരഞ്ഞു. ഇതിനിടയില്‍ ഒരു കോച്ചിലെ ബാത്ത്റൂം അകത്തു നിന്നു പൂട്ടിയ നിലയില്‍ കണ്ടെത്തി. പൊലീസ് നിരവധി തവണ മുട്ടിവിളിച്ചിട്ടും തുറന്നില്ല. തുടര്‍ന്ന് റെയില്‍വെ ജീവനക്കാരുടെ സഹായത്തോടെ വാതില്‍ പൊളിച്ച് കടന്നപ്പോഴാണ് തന്‍സീറിനെയും കൂട്ടാളിയെയും ഒളിച്ചിരിക്കുന്ന നിലയില്‍ കണ്ടെത്തിയത്. കണ്ണൂര്‍ റെയില്‍വേ പൊലീസിലെ ഉദ്യോഗസ്ഥരായ സുരേഷ് കക്കറയും മഹേഷും ചേര്‍ന്നാണ് കള്ളന്മാരെ പിടികൂടിയത്. തന്‍സീറിനെതിരെ കഞ്ചാവ് കേസ്, ട്രെയിനുകളില്‍ കവര്‍ച്ച, കോഴിക്കോട്ടെ മദ്യവില്‍പ്പന ശാലയിലെ കവര്‍ച്ച തുടങ്ങിയ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മൊഗ്രാലില്‍ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍, കുറ്റം നിഷേധിച്ച് കസ്റ്റഡിയിലായവര്‍, എഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page