ഭീകരാക്രമണത്തിന് സാധ്യത; ഇന്ത്യയിലുള്ള പൗരന്‍മാര്‍ക്ക് കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കി കാനഡ

ന്യൂഡല്‍ഹി: ഇന്ത്യയില്‍ താമസിക്കുന്നവരും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവരുമായ കനേഡിയന്‍ പൗരന്‍മാര്‍ക്ക് കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കി കാനഡ. 41 നയതന്ത്ര പ്രതിനിധികളെ ഇന്ത്യയില്‍നിന്നു പിന്‍വലിച്ചതിനു പിന്നാലെയാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്. ഇന്ത്യയിലുടനീളം ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്നും അതിനാല്‍ കനത്ത ജാഗ്രത പുലര്‍ത്തണമെന്നുമാണ് നിര്‍ദേശം. കാനഡയും ഇന്ത്യയും തമ്മില്‍ അടുത്തിടെയുണ്ടായ സംഭവ വികസങ്ങളെത്തുടര്‍ന്ന് കാനഡയ്‌ക്കെതിരെ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും പ്രചാരണം നടക്കുന്നുവെന്ന് നിര്‍ദേശത്തില്‍ പറയുന്നു. കാനഡയ്‌ക്കെതിരെ പ്രതിഷേധത്തിനും ആഹ്വാനം നടക്കുന്നുണ്ട്. കാനഡയ്‌ക്കെതിരെ പ്രകടനങ്ങള്‍ നടക്കാനും കാനഡക്കാര്‍ക്കെതിരെ അതിക്രമത്തിനും സാധ്യതയുണ്ട്. ഇതേ തുടര്‍ന്ന് മുംബൈ, ചണ്ഡിഗഡ്, ബെംഗളൂരു എന്നീ നഗരങ്ങളിലെ കോണ്‍സുലേറ്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു.
ഡല്‍ഹിയിലും മറ്റും താമസിക്കുന്നവര്‍ അപരിചിതരുമായി യാതൊരു വിവരവും പങ്കുവയ്ക്കരുതെന്നും നിര്‍ദേശമുണ്ട്. ഈ നഗരങ്ങളില്‍ താമസിക്കുന്ന കാനഡക്കാര്‍ ആവശ്യമെങ്കില്‍ ഡല്‍ഹിയിലെ ഹൈകമ്മിഷന്‍ ഓഫിസുമായി ബന്ധപ്പെടണം. ഇന്ത്യയില്‍ നിന്ന് 41 നയതന്ത്രപ്രതിനിധികളെ വെള്ളിയാഴ്ചയാണ് കാനഡ തിരിച്ചുവിളിച്ചത്. ഇന്ത്യയില്‍ നിന്നും സുരക്ഷിതമായി തിരിച്ചെത്താനുള്ള സാഹചര്യം ഒരുക്കിയെന്ന് കാനഡ വിദേശകാര്യ മന്ത്രി മെലാനി ജോളി പറഞ്ഞു. ഇന്ത്യയില്‍ 62 നയതന്ത്ര പ്രതിനിധികളാണ് കാനഡയ്ക്കുണ്ടായിരുന്നത്. നയതന്ത്ര പ്രതിനിധികളുടെ എണ്ണത്തിന്റെ കാര്യത്തിലും പദവിയുടെ കാര്യത്തിലും ഇരുരാജ്യങ്ങള്‍ക്കിടയിലും തുല്യത വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.
ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ തുടരുന്നതിനിടെ, ഇന്ത്യയില്‍ നിന്നും 41 നയതന്ത്ര ഉദ്യോഗസ്ഥരെ കാനഡ പിന്‍വലിച്ചു. 21 പേര്‍ ഒഴികെയുള്ളവരുടെ നയതന്ത്ര പരിരക്ഷ പിന്‍വലിക്കുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയതോടെയാണ് നടപടി. നയതന്ത്ര പ്രതിനിധികളുടെ എണ്ണത്തില്‍ ഇരുരാജ്യങ്ങളിലും തുല്യത വേണമെന്ന് ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കാന്‍ ഇന്ത്യ നേരത്തേ ആവശ്യപ്പെട്ടിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page