അവന് / അവള്‍ക്ക് ഭ്രാന്താ… ഇങ്ങനെ പറഞ്ഞ് നമ്മൾ പല സന്ദര്‍ഭങ്ങളിലും പലരേയും തള്ളിക്കളഞ്ഞിട്ടില്ലേ ? ഇത് പറയുമ്പോൾ നമുക്ക് തമാശ ആണെങ്കിലും ഇത് കേള്‍ക്കുന്നവരുടെ മാനസികാവസ്ഥ എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ? ചിലപ്പോള്‍ നമ്മൾ അറിയാതെ – ഭ്രാന്തമായ, തനിക്ക് എന്താണ് സംഭവിക്കുന്നത് എന്നറിയാതെ ഉള്ളുകൊണ്ട് പിടയുകയാവും അവർ. സാന്ത്വനിപ്പിക്കുന്ന രണ്ട് വാക്ക് അല്ലെങ്കിൽ അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ ഉള്ള സമയം ക്ഷമ നമ്മൾ നേരത്തെ പറഞ്ഞ ഭ്രാന്ത് മറികടക്കാന്‍ അവരെ സഹായിക്കും. വിഷാദം, ഉത്കണ്ഠ, വട്ട്, ഭ്രാന്ത് ഇതൊക്കെ ഒരേ കുലയിലെ പഴങ്ങളാണ്.
10 ഒക്ടോബർ 2023 ലോക മാനസികാരോഗ്യ ദിനം,
“നമ്മുടെ മനസ്സ്, നമ്മുടെ അവകാശങ്ങൾ”.
മാനസികാരോഗ്യം എല്ലാ മനുഷ്യരുടെയും അടിസ്ഥാന അവകാശമാണ്. എല്ലാവർക്കും, അത് ആരായാലും എവിടെയായിരുന്നാലും, മാനസികാരോഗ്യം സംരക്ഷിക്കാന്‍ അവകാശമുണ്ട്. മാനസികാരോഗ്യ സംബന്ധമായ അപകടങ്ങളിൽ നിന്ന് സംരക്ഷിക്കപ്പെടാനുള്ള അവകാശം, സ്വീകാര്യമായ, നല്ല നിലവാരമുള്ള പരിചരണത്തിനുള്ള അവകാശം, സമൂഹത്തിൽ ഒറ്റപ്പെടാതെ ജീവിക്കാനുള്ള അവകാശം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
നല്ല മാനസികാരോഗ്യം നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ക്ഷേമത്തിനും അത്യന്താപേക്ഷിതമാണ്. എന്നിട്ടും ആഗോളതലത്തിൽ എട്ടിൽ ഒരാൾ മാനസികാരോഗ്യ പ്രശ്‌നങ്ങളുമായി ജീവിക്കുന്നു. ഇത് അവരുടെ ശാരീരിക ആരോഗ്യം, മറ്റുള്ളവരുമായി ഇടപഴകാനുള്ള കഴിവ്, അവരുടെ ഉപജീവനമാർഗ്ഗം എന്നിവയെ ബാധിക്കും.
കൗമാരക്കാരിലും യുവാക്കളിലും മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ വർദ്ധിച്ചുവരുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്. ഒരു വ്യക്തിയുടെ മാനസികാവസ്ഥ അവരുടെ അവകാശങ്ങൾ നഷ്ടപ്പെടുത്തുന്നതിനോ അല്ലെങ്കിൽ സ്വന്തം ആരോഗ്യത്തെക്കുറിച്ചുള്ള തീരുമാനങ്ങൾ എടുക്കുന്നതില്‍ നിന്നോ അവരെ ഒഴിവാക്കുന്നതിന് കാരണമാകരുത്. ലോകമെമ്പാടും, മാനസികാരോഗ്യ പ്രശ്നങ്ങളുള്ള ആളുകൾ പല തരത്തിലുള്ള മനുഷ്യാവകാശ ലംഘനങ്ങൾ അനുഭവിക്കുന്നുണ്ട്. പലരും സാമൂഹ്യ ജീവിതത്തിൽ നിന്ന് ഒഴിവാക്കപ്പെടുകയും വിവേചനം അനുഭവിക്കുകയും ചെയ്യുന്നു. അതേസമയം പലർക്കും അവർക്ക് ആവശ്യമായ മാനസികാരോഗ്യ സംരക്ഷണം ലഭിക്കുന്നില്ല അല്ലെങ്കിൽ അവരുടെ മനുഷ്യാവകാശങ്ങൾ ലംഘിക്കുന്ന പരിചരണം മാത്രമേ കിട്ടുന്നുള്ളു.
മാനസികാരോഗ്യം പരിരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ WHO അതിന്റെ പങ്കാളികളുമായി പല പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. നിങ്ങള്‍ക്കും അതിന്റെ ഭാഗമാവാം അവകാശങ്ങൾ സംരക്ഷിക്കാന്‍.







