കാസർകോട്: യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന ശരത് ലാൽ,
ക്യപേഷ് വധക്കേസിൽ കോടതി ശിക്ഷിച്ച പ്രതിയുടെ വീട് ആക്രമിച്ചുവെന്ന കേസിൽ പ്രതികളായ 3 കോൺഗ്രസ് പ്രവർത്തകരെ കോടതി വെറുതെ വിട്ടു. രണ്ടാം പ്രതി ശ്രീകുമാർ,
മൂന്നാം പ്രതി ജനാർധനൻ,
നാലാം പ്രതി ദാമോദരൻ എന്നിവരെയാണ് ജില്ലാ അഡീഷണൽ സെഷൻസ് കോടതി (മൂന്ന് ) ജഡ്ജി അചിന്ത്യാ രാജ് ഉണ്ണി വെറുതെ വിട്ടത്. കേസിലെ ഒന്നാം പ്രതി അനീഷ് കുമാർ വിചാരണ സമയത്ത് ഗൾഫിലായിരുന്നതിനാൽ കേസ് പിന്നീട് പരിഗണിക്കാൻ മാറ്റി. 2019 ഫെബ്രുവരി 18 ന് രാത്രി എട്ടരയോടെയാണ് കേസിനാസ്പദമായ സംഭവം. പെരിയ കല്യോട്ടുള്ള വീട്ടിലായിരുന്നു ആക്രമണം. സിപിഎം പ്രവർത്തകനായ ഗംഗാധരൻ എന്ന ശാസ്താ ഗംഗാധരൻ്റെ ഉടമസ്ഥതയിലുള്ള വീട്ടിലേക്ക് പ്രതികൾ അതിക്രമിച്ചുകയറി ആക്രമണം നടത്തിയെന്നാണ് കേസ്. രാഷ്ട്രീയ വിരോധത്തെ തുടർന്നാണ് അക്രമമെന്നാണ് കുറ്റപത്രത്തിൽ ആരോപിച്ചിരുന്നത്. വീടിന് തീവെച്ചതായും സ്വർണാഭരണങ്ങളും പണവും കവർന്നു വെന്നും പരാതിയിലുണ്ട്. കേസിൽ 15 സാക്ഷികളെ വിസ്തരിച്ചു. പ്രതികൾക്ക് വേണ്ടി അഭിഭാഷകരായ ബാബു ചന്ദ്രൻ
ശ്രീജിത്ത് മാടക്കൽ ബാബുരാജ്, ധന്യശ്രീ എന്നിവർ കോടതിയിൽ ഹാജരായി.







