കാസര്‍കോട്: രാജ് മോഹന്‍ ഉണ്ണിത്താന് നെല്ലിക്ക അയച്ചതിന് പിന്നാലെ ഷാഫി പറമ്പില്‍ എംപിക്ക് ഗര്‍ഭനിരോധന ഉറകള്‍ അയച്ചുകൊടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ പ്രചരിക്കുന്നു. കാസര്‍കോട് ജില്ലാ യൂത്ത് കോണ്‍ഗ്രസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിന്റെ പേരിലുള്ള അക്കൗണ്ടിലൂടെയാണ് ആക്ഷേപങ്ങളും ദൃശ്യങ്ങളും പ്രചരിക്കുന്നത്.
‘കാസര്‍കോട് ജില്ലയിലെ ഞങ്ങള്‍ യൂത്തന്മാര്‍ ഷാഫിയുടെ നല്ല ഭാവിയെ കരുതി അയക്കുന്നതാണ്.
തീര്‍ന്ന് കഴിഞ്ഞാല്‍ അറിയിക്കാന്‍ മടിക്കരുത്. ഞങ്ങള്‍ക്ക് വീണ്ടും അയക്കാന്‍ മടിയില്ല എന്ന് അറിയിക്കുന്നു. കാരണം ഞങ്ങള്‍ക്ക് നിങ്ങളുടെ രാഷ്ട്രീയ ഭാവിയാണ് വലുത്. അടൂരിലെ ശിഷ്യന് സംഭവിച്ചത് നിങ്ങള്‍ക്ക് ഒരിക്കലും സംഭവിക്കരുത്. നിങ്ങള്‍ തീര്‍ന്നാല്‍ പാര്‍ട്ടി തീരും നിങ്ങളാണല്ലോ പാര്‍ട്ടി. ഭയം വേണ്ട ജാഗ്രത മതി!’ എന്നാണ് ഫേസ് ബുക്ക് പോസ്റ്റിന്റെ അടിക്കുറിപ്പ്. ‘നിങ്ങളുടെ യാത്രകളില്‍ കൂടെ കരുതേണ്ട അത്യാവശ്യ ഘടകമാണ് ഇതിലുള്ളത്. പ്രിയ ശിഷ്യന് പറ്റിയ അബദ്ധം താങ്കള്‍ക്ക് വരാതിരിക്കട്ടെ എന്ന് കാസര്‍കോട്ടെ യൂത്തന്‍മാര്‍ ‘ എന്ന കൈയക്ഷരത്തിലുള്ള കുറിപ്പും ദൃശ്യങ്ങള്‍ക്കൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്ന് യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് ജില്ലാ നേതൃത്വം വ്യക്തമാക്കി. പേജ് വ്യാജമായി നിര്‍മിച്ചതാണെന്നും സംഭവത്തില്‍ എസ്പിക്ക് പരാതി നല്‍കിയതായും യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കെ.ആര്‍. കാര്‍ത്തികേയന്‍ പറഞ്ഞു. രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി ഷാഫി പറമ്പില്‍ എംപിക്കെതിരെ ഉന്നയിച്ച രൂക്ഷവിമര്‍ശനങ്ങള്‍ക്ക് പിന്നാലെ, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇരുനേതാക്കളെയും അനുകൂലിച്ചും പ്രതികൂലിച്ചും ഫ്‌ളക്‌സ് ബോര്‍ഡുകളും പോസ്റ്റര്‍ യുദ്ധവും നടക്കുന്നതിനിടെയാണ് ഈ സംഭവം വിവാദമായത്.







