മോഷണത്തിന് നല്ല സമയം കണ്ടെത്താനും കവടി നിരത്തി, മുഹൂര്‍ത്തം നോക്കി ഒരു കോടി രൂപ കവര്‍ന്നു; പിന്നാലെ കള്ളന്മാരും ജോത്സ്യനും അറസ്റ്റില്‍

പൂനെ: മഹാരാഷ്ട്രയില്‍ വീട്ടില്‍ അതിക്രമിച്ച് കയറി ഒരു കോടി രൂപ കവര്‍ന്ന കേസില്‍ അഞ്ച് മോഷ്ടാക്കളെ അറസ്റ്റുചെയ്തു. മോഷണത്തിന് സമയം കുറിച്ച് നല്‍കിയ ജോത്സ്യനെയും പൊലീസ് അറസ്റ്റ് ചെയ്തു. പൂനെയിലെ ബാരാമതിയിലാണ് സംഭവം. നഗരത്തിന് പുറത്ത് താമസിക്കുന്ന ബിസിനസുകാരനായ സാഗര്‍ ഗോഫനെ എന്നയാളുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. കവര്‍ച്ചാ സംഘം സാഗറിനെ അടിച്ച് വീഴ്ത്തി ഭാര്യയെ കെട്ടിയിട്ട് വായില്‍ തുണി തിരുകിയ ശേഷം ഒരു കോടിയോളം രൂപ മോഷ്ടിക്കുകയായിരുന്നു. 95 ലക്ഷം രൂപയും 11 ലക്ഷം രൂപയുടെ ആഭരണങ്ങളും വീട്ടില്‍ നിന്നും കവര്‍ന്നു. സാഗറിന്റെ പരാതിയില്‍ കേസെടുത്ത പൊലീസ് മോഷ്ടാക്കള്‍ക്കായി അന്വേഷണം നടത്തി വരികയായിരുന്നു. അതിനിടെയാണ് മോഷ്ടാക്കളായ സച്ചിന്‍ ജഗ്ധാനെ, റെയ്ബ ചവാന്‍, രവീന്ദ്ര ഭോസാലെ, ദുര്യോധനന്‍ എന്ന ദീപക് ജാദവ്, നിതിന്‍ മോര്‍ എന്നിവര്‍ പിടിയിലാകുന്നത്. മോഷ്ടിക്കപ്പെട്ട പണത്തില്‍ 75 ലക്ഷം രൂപ തിരിച്ച് പിടിച്ചതായും പൂനെ റൂറല്‍ പൊലീസ് അറിയിച്ചു. പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് ജോല്‍സ്യന്റെ പങ്കിനെ കുറിച്ചറിയുന്നത്. ജോത്സ്യന്‍ കുറിച്ച് തന്ന സമയത്താണ് മോഷണം നടത്തിയതെന്നും പ്രതികള്‍ പൊലീസിനോട് പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്നു പോലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page