കാസര്‍കോട്:ജോലിക്കു പോകുന്നുവെന്നു പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ബിജെപി പ്രവര്‍ത്തകനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉപ്പള, കൊണ്ടേവൂരിലെ പരേതനായ നേമരാജ് ഷെട്ടിയുടെ മകന്‍ സന്ദീപ് ഷെട്ടി എന്ന അണ്ണു (44)വിന്റെ മൃതദേഹമാണ് വീടിനു സമീപത്തെ തോട്ടത്തിലെ കുളത്തില്‍ കാണപ്പെട്ടത്. പതിവ് പോലെ ഇന്നലെ (തിങ്കള്‍) രാവിലെ വീട്ടില്‍ നിന്ന് ഉപ്പള, ശാരദാനഗറിലെ സോഡാ ഫാക്ടറിയിലെ ജോലിക്കാണെന്നു പറഞ്ഞാണ് ഇറങ്ങിയത്.
ഉച്ചവരെയും സന്ദീപ് ഷെട്ടിയെ കുറിച്ച് വിവരമൊന്നും ഇല്ലാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല. തുടര്‍ന്ന് സുഹൃത്തുക്കളും നാട്ടുകാരും തിരച്ചില്‍ തുടരുന്നതിനിടയിലാണ് സന്ദീപ് ഷെട്ടിയുടെ ഷര്‍ട്ട് വൈകുന്നേരം ആറരമണിയോടെ കുളക്കരയില്‍ കണ്ടെത്തിയത്. കുളത്തില്‍ വീണിട്ടുണ്ടാകാം എന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ മഞ്ചേശ്വരം പൊലീസും ഉപ്പള ഫയര്‍ഫോഴ്‌സും കുളത്തില്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തി കരക്കെടുത്തത്.
പ്രസ്തുത കുളത്തിലാണ് സന്ദീപ് ഷെട്ടിയുടെ വീട്ടിലേക്ക് കുടി വെള്ളമെടുക്കുന്നതിനുള്ള മോട്ടോര്‍ സ്ഥാപിച്ചിട്ടുള്ളത്. മോട്ടോറിന്റെ ഫുട് വാള്‍വിന് നേരത്തെ ചെറിയ തകരാര്‍ ഉണ്ടായിരുന്നതായി പറയുന്നു. തകരാര്‍ പരിഹരിക്കുന്നതിനുള്ള ശ്രമത്തിനിടയില്‍ കുളത്തിലേക്ക് കാല്‍തെറ്റി വീഴുകയായിരുന്നുവെന്നു സംശയിക്കുന്നു. മഞ്ചേശ്വരം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി. മൃതദേഹം മംഗല്‍പാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. നളിനിയാണ് സന്ദീപ് ഷെട്ടിയുടെ മാതാവ്. സഹോദരങ്ങള്‍: സന്ദേശ് ഷെട്ടി, സമ്പത്ത് ഷെട്ടി.







