കാസർകോട്: വിവാഹ വാർഷികത്തിന് വാങ്ങിയ കേക്കിൽ പൂപ്പലെന്ന് പരാതി. കനകപ്പള്ളി സ്വദേശി സലീമിന്‍റെ പരാതിയിൽ ആരോഗ്യ വിഭാഗം പരിശോധന നടത്തി പരപ്പയിലെ സ്വീറ്റി ബേക്കറി പൂട്ടിച്ചു. ശനിയാഴ്ച രാത്രിയാണ് സംഭവം. വിവാഹ വാർഷികത്തിനു സലീമിന്‍റെ ബന്ധുക്കൾ സമ്മാനമായി കേക്ക് നൽകിയിരുന്നു. കേക്ക് മുറിച്ച് കഴിച്ചപ്പോൾ രുചി വ്യത്യാസം തോന്നി പരിശോധിച്ചു. തുടർന്നാണ് പൂപ്പൽ കണ്ടെത്തിയത്. കുട്ടികൾ ഉൾപ്പടെ കേക്ക് കഴിച്ചതിന് ശേഷമാണ് പൂപ്പൽ കണ്ടത്. കേക്ക് കഴിച്ച 6 പേർ ആശുപത്രിയിൽ ചികിത്സ തേടി.
ഇവർ പ്രാഥമിക ചികിത്സ തേടിയ ശേഷം വീട്ടിലേക്ക് മടങ്ങിയതായാണ് വിവരം. സംഭവത്തിൽ ഭക്ഷ്യസുരക്ഷാ-ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയതിനെത്തുടർന്ന് ബേക്കറിക്കെതിരെ നടപടി സ്വീകരിക്കുകയായിരുന്നു.







