തിരുവനന്തപുരം: കെ.എസ്.ഇ.ബി ജീവനക്കാർ വാഴ വെട്ടിനശിപ്പിച്ച കർഷകന് 3.50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ധാരണ. കൃഷിമന്ത്രിയും വൈദ്യുതി വകുപ്പ് മന്ത്രിയും നടത്തിയ ചർച്ചയിലാണ് നഷ്ടപരിഹാരം അനുവദിക്കാൻ ധാരണയായത്. കോതമംഗലം വാരപ്പെട്ടിയിലെ അനീഷിന്റെ കുലച്ച് തുടങ്ങിയ 406 വാഴകളാണ് കെ.എസ്.ഇ.ബി ജീവനക്കാർ വെട്ടിനശിപ്പിച്ചത്. ടച്ചിങ് കട്ടിംഗിന്‍റെ പേരിലായിരുന്നു 220 കെ.വി. ലൈനിന് താഴെയുള്ള ഭൂമിയില്‍ കൃഷി ചെയ്തിരുന്ന വാഴകൾ വെട്ടിനശിപ്പിച്ചത്. കൃഷി മന്ത്രി പി പ്രസാദും വൈദ്യുതി മന്ത്രി കൃഷ്ണൻകുട്ടിയും തിരുവനന്തപുരത്ത് നടത്തിയ ചർച്ചയിൽ നഷ്ടപരിഹാരതുകയിൽ ധാരണയിലെത്തുകയായിരുന്നു. കെഎസ്ഇബി ഉദ്യോഗസ്ഥരുടെ നടപടി അത്യന്തം ഖേദകരവും പ്രതിഷേധാര്‍ഹവുമാണെന്ന് കൃഷിമന്ത്രി പി. പ്രസാദ് നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് കെ.എസ്.ഇ.ബി ജീവനക്കാരെത്തി 406 വാഴകള്‍ വെട്ടി നശിപ്പിച്ചത്. മുന്നറിയിപ്പില്ലാതെ കൃഷി നശിപ്പിച്ചതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതോടെയാണ് നഷ്ടപരിഹാരം നൽകാൻ തീരുമാനിച്ചത്.അതിനിടെ വാഴ വെട്ടിനശിപ്പിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസ്സെടുത്തു. കെ.എസ്.ഇ.ബി ചെയർമാൻ 15 ദിവസത്തിനകം വിശദീകരണം നൽകണമെന്ന് കമ്മിഷൻ അംഗം വി.കെ ബീനാകുമാരി ആവശ്യപ്പെട്ടു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മിഷൻ കേസ്സെടുത്തത്.