യുവതിയും കുഞ്ഞും പുഴയില്‍ ചാടി മരിച്ച സംഭവം; ഭര്‍തൃവീട്ടുകാര്‍ക്കെതിരേ കൂടുതല്‍ കേസ്, ഭര്‍ത്താവും വീട്ടുകാരും ഒളിവില്‍

കൽപ്പറ്റ: വയനാട് വെണ്ണിയോട് യുവതിയും കുഞ്ഞും പുഴയില്‍ ചാടി മരിച്ച സംഭവത്തില്‍ ഭര്‍തൃ കുടുംബത്തിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി കേസെടുത്തു.
ഗാര്‍ഹികപീഡനം, ആത്മഹത്യാപ്രേരണ, മര്‍ദ്ദനം എന്നീ കുറ്റങ്ങളാണ് ഇപ്പോള്‍ ചുമത്തിയിരിക്കുന്നത്. ദര്‍ശനയുടെ ഭര്‍ത്താവ് ഓംപ്രകാശ്, അച്ഛന്‍ ഋഷഭരാജന്‍, അമ്മ ബ്രാഹ്‌മിലി എന്നിവര്‍ക്ക് എതിരെയാണ് കേസ്. അതേ സമയം ഭര്‍ത്താവും വീട്ടുകാരും ഒളിവിലെന്ന് പൊലീസ് വ്യക്തമാക്കി. കല്‍പ്പറ്റ ഡിവൈഎസ്പി ടിഎന്‍ സജീവന്‍ അന്വേഷണം ഏറ്റടുത്തതോടെയാണ് നടപടി വന്നത്. നേരത്തെ ദര്‍ശനയുടെ ബന്ധുക്കളില്‍ നിന്ന് വിവരങ്ങള്‍ പോലീസ് വിശദമായി മൊഴി എടുത്തിരുന്നു.
ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചതോടെയാണ് ആത്മഹത്യ ചെയ്തതെന്ന് ദര്‍ശനയുടെ മാതാപിതാക്കള്‍ ആരോപിച്ചിരുന്നു. ഭര്‍ത്താവും ഭര്‍തൃ പിതാവും മകളെ മര്‍ദ്ദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു. മകളെയും കൂട്ടി വിഷം കഴിച്ച് പുഴയില്‍ ചാടാന്‍ ദര്‍ശനയെ പ്രേരിപ്പിച്ചത് ഭര്‍തൃവീട്ടുകാരുടെ പീഡനമാണെന്നാണ് ദര്‍ശനയുടെ മാതാവ് വിശാലാക്ഷി ആരോപിക്കുന്നത്. മുമ്പ് രണ്ട് തവണ മകളെ ഭര്‍ത്താവ് നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയെന്നും അവര്‍ പറയുന്നു. സ്വന്തം മകളുടെ ഭാവിയെ കരുതിയാണ് ദര്‍ശന തിരികെ ഭര്‍തൃവീട്ടിലേക്ക് പോയതെന്ന് അച്ഛനും അമ്മയും വ്യക്തമാക്കി. മാനസിക പീഡനത്തിന് തെളിവായ ഭര്‍തൃപിതാവിന്റെ ഓഡിയോ റെക്കോഡും കുടുംബം പരസ്യപ്പെടുത്തി. ദര്‍ശനയുടെ മരണത്തില്‍ അന്വേഷണമാവശ്യപ്പെട്ടു കുടുംബം ജില്ലാ കളക്ടര്‍ക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കിയിരുന്നു. നാല് മാസം ഗര്‍ഭിണിയായിരിക്കെ വീണ്ടും ഗർഭഛിദ്രത്തിന് നിര്‍ബന്ധിച്ചതോടെയാണ് മകള്‍ ആത്മഹത്യ ചെയ്തത്. കഴിഞ്ഞ 13 നാണ് ദര്‍ശന വിഷം കഴിച്ച ശേഷം മകള്‍ക്കൊപ്പം വെണ്ണിയോട് പുഴയില്‍ ചാടിയത്. ദര്‍ശന പിറ്റേന്ന് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. മകളുടെ മൃതദേഹം നാലാം നാള്‍ പുഴയില്‍ നിന്നും കണ്ടെടുക്കുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page