ജല വിഭവ വകുപ്പ് മന്ത്രിയുടെ ഓഫീസിൽ കയ്യാങ്കളി; മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് മർദ്ദിച്ചെന്ന് ഇറിഗേഷൻ ചീഫ് എൻജിനീയറുടെ പരാതി; ആരോപണം നിഷേധിച്ച് ഓഫീസ്

തിരുവനന്തപുരം:ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫീസില്‍ പേഴ്സണൽ സ്റ്റാഫും ജീവനക്കാരും തമ്മിൽ കയ്യാങ്കളി. മന്ത്രിയുടെ അഡിഷനല്‍ പ്രൈവറ്റ് സെക്രട്ടറിയും ആലപ്പുഴയിലെ ഇറിഗേഷൻ ചീഫ് എൻജിനീയറും തമ്മിലാണ് ഏറ്റുമുട്ടിയത്.തന്നെ മർദിച്ചെന്ന് ചീഫ് എൻജിനീയർ ശ്യാംഗോപാല്‍ മന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍, ആരോപണം മന്ത്രിയുടെ ഓഫിസ് നിഷേധിച്ചിട്ടുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് പരാതിക്കിടയാക്കിയ സംഭവം നടന്നത്. മന്ത്രിയുടെ ഓഫിസിനകത്തായിരുന്നു ഇറിഗേഷൻ വകുപ്പിലെ ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥനും മന്ത്രിയുടെ അഡി. പ്രൈവറ്റ് സെക്രട്ടറി എസ്. പ്രേംജിയും തമ്മില്‍ കൈയാങ്കളിയുണ്ടായത്. ആലപ്പുഴയിലെ ഇറിഗേഷൻ ഓഫിസറും കുട്ടനാട് പാക്കേജിന്റെ ചുമതലയുള്ള ചീഫ് എൻജിനീയറുമാണ് ശ്യാംഗോപാല്‍.
വ്യാഴാഴ്ച മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ കാണാൻ ഓഫിസിലെത്തിയതായിരുന്നു ഇദ്ദേഹം. ഈ സമയത്ത് സെക്രട്ടറിയും മന്ത്രിയും സ്ഥലത്തുണ്ടായിരുന്നില്ല. കാബിനിനകത്ത് ഇരിക്കാൻ നിർദേശം നല്‍കിയെങ്കിലും ഇതിനിടയില്‍ അഡി. പ്രൈവറ്റ് സെക്രട്ടറി ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടെന്നാണു പരാതി.
ഇതു ചോദ്യംചെയ്തതാണു തർക്കത്തിനിടയാക്കിയത്. തർക്കം കൈയാങ്കളിയില്‍ കലാശിക്കുകയായിരുന്നു. ഉന്തും തള്ളിനുമിടയില്‍ കൈക്കിനു പരിക്കേല്‍ക്കുകയും സെക്രട്ടറിയേറ്റ് വളപ്പിലെ ക്ലിനിക്കില്‍ ചികിത്സ തേടുകയും ചെയ്തതായി പരാതിയില്‍ ശ്യാംഗോപാല്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇക്കാര്യത്തില്‍ മന്ത്രിക്കും പ്രിൻസിപ്പല്‍ സെക്രട്ടറിക്കും ഇദ്ദേഹം പരാതി നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page