കോഴിക്കോട്: വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ കാര്‍ യാത്രികരായ ദമ്പതികളെ ആക്രമിച്ച കോഴിക്കോട് നടക്കാവ് ഗ്രേഡ് എസ് ഐ വിനോദ് കുമാറിന് സസ്‌പെൻഷൻ. സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആണ് നടപടി. കോഴിക്കോട് റൂറൽ പൊലീസ് നൽകിയ റിപ്പോർട്ട് അനുസരിച്ചാണ് നടക്കാവ് എസ്ഐ വിനോദ് കുമാറിനെതിരെ നടപടി സ്വീകരിച്ചത്.
ബൈക്കിന് സൈഡ് കൊടുക്കാത്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിന് കാരണമായത്. വിനോദ് കുമാറും സഹോദരനും ക്രൂരമായി മര്‍ദ്ദിച്ചെന്ന് യുവതി പരാതിപ്പെട്ടിരുന്നു.
സംഭവത്തില്‍ നാല്‌പേര്‍ക്കെതിരെ കാക്കൂർ പൊലീസ് കേസെടുത്തിരുന്നു. മൂന്ന് സ്ത്രീകളും നാല് കുട്ടികളുമുള്ള സംഘത്തെ ഒരു പ്രകോപനവുമില്ലാതെ മര്‍ദ്ദിച്ചെന്നാണ് ആക്രമണത്തിനിരയായ അത്തോളി സ്വദേശി അഫ്ന അബ്ദുള്‍ നാഫിക്ക് നല്‍കിയ പരാതി.ഇതിന്റെ അടിസ്ഥാനത്തിലാണ് അച്ചടക്ക നടപടി.
ബന്ധുവിന്റെ വിവാഹപാര്‍ട്ടിയുമായി ബന്ധപ്പെട്ടാണ് എസ്‌ഐ ഉള്‍പ്പെട്ട സംഘം ഇതുവഴി വന്നത്. ഇവര്‍ മദ്യലഹരിയിലായിരുന്നെന്ന് അഫ്‌ന പരാതിയില്‍ പറയുന്നു.തങ്ങള്‍ സഞ്ചരിച്ച വാഹനം തകര്‍ക്കാൻ ശ്രമിച്ചെന്നും യുവതി പരാതിപ്പെട്ടിരുന്നു.കഴിഞ്ഞ ദിവസമാണ് അക്രമസംഭവമുണ്ടായത്.അഫ്നയും ഭർത്താവും കുട്ടികളും ഉൾപ്പടെ എട്ട് പേരാണ് കാറിലുണ്ടായിരുന്നത്. കാക്കൂർ കൊളത്തൂരിൽ വച്ച് എതിരെ വന്ന വാഹനത്തിന് സൈഡ് നൽകുന്നതുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടാവുന്നത്.നാഭി ക്ക് ഉൾപ്പെടെ ചവിട്ടിയെന്നും യുവതി ആരോപണം ഉയർത്തിയിരുന്നു.