ലോക്സഭാ തെരഞ്ഞെടുപ്പ്: കാസര്‍കോട് ജില്ലയില്‍ ഇന്ന് വൈകിട്ട് ആറുമുതല്‍ 27 ന് വൈകിട്ട് ആറു മണി വരെ നിരോധനാജ്ഞ

കാസര്‍കോട്: ലോക്സഭാ തെരഞ്ഞെടുപ്പ് സമാധാനപരമായി നടത്തുന്നതിന്റെ ഭാഗമായി കാസര്‍കോട് ജില്ലയില്‍ ഏപ്രില്‍ 24 വൈകുന്നേരം മുതല്‍ ഏപ്രില്‍ 27 വൈകിട്ട് ആറുവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖറും ജില്ലാ പൊലീസ് മേധാവി പി. ബിജോയിയും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണിക്കാര്യം. സമാധാനവും സുരക്ഷയും ഉറപ്പാക്കി പൊതു തെരഞ്ഞെടുപ്പ് സ്വതന്ത്രവും നിഷ്പക്ഷവുമായി നടത്തുന്നതിന് വേണ്ടിയാണ് 1973 ലെ സി.ആര്‍.പി സി സെക്ഷന്‍ 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിക്കുന്നതെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. പൊതു യോഗങ്ങള്‍ക്കും അഞ്ചിലധികം ആളുകള്‍ കൂട്ടം കൂടുന്നതിനും ജില്ലയിലുടനീളം നിരോധനം ഏര്‍പ്പെടുത്തി. പൊതു-സ്വകാര്യ സ്ഥലങ്ങളില്‍ അഞ്ചിലധികം ആളുകള്‍ കൂട്ടംകൂടി നില്‍ക്കരുതെന്നും കലക്ടര്‍ വ്യക്തമാക്കി. സ്ഥാനാര്‍ത്ഥികളുടെ വീടുകള്‍ കയറിയുള്ള നിശബ്ദ പ്രചരണത്തിന് തടസ്സമില്ല. ആവശ്യ സര്‍വ്വീസുകളായ മെഡിക്കല്‍ എമര്‍ജന്‍സി, ക്രമസമാധാന പാലനം, അഗ്‌നിരക്ഷാസേന, സര്‍ക്കാര്‍ സംവിധാനങ്ങളുടെ പ്രവര്‍ത്തനം എന്നിവ തടസ്സമില്ലാതെ നടത്താം. നിരോധനാജ്ഞ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായും കലക്ടര്‍ അറിയിച്ചു. പോളിംഗ് ഡ്യൂട്ടിക്ക് 4561 പോളിംഗ് ഉദ്യോഗസ്ഥരെ നിയമിച്ചതായും ആവശ്യത്തിന് സായുധസേനയെ സജ്ജീകരിച്ചതായും കൂട്ടിച്ചേര്‍ത്തു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page