കണ്ണൂര്‍: മൈസൂര്‍ സ്വദേശിനിയെ കണ്ണൂരിലെത്തിച്ച് ബലാത്സംഗം ചെയ്തതായി പരാതി. മൈസൂര്‍ സ്വദേശിനിയും വിധവയുമായ യുവതിയുടെ പരാതിയില്‍ തളിപ്പറമ്പ്, കുറുമാത്തൂര്‍, പൊകുണ്ട്, പുതിയപുരയില്‍ ഹാരിസിനെതിരെയാണ് തളിപ്പറമ്പ് പൊലീസ് കേസെടുത്തത്.
നാലുമക്കളുടെ മാതാവായ യുവതിയുടെ ഭര്‍ത്താവ് നേരത്തെ മരിച്ചിരുന്നു. 2021 മുതല്‍ 2023 വരെ മൈസൂരിലെ ഒരു തുണിക്കടയില്‍ സെയില്‍സ് ഗേളായിരുന്നു യുവതി. ഈ സമയത്താണ് ഹാരിസുമായി പരിചയപ്പെട്ടത്. യുവതിയുടെ നമ്പര്‍ കൈക്കലാക്കി മടങ്ങിയ ഹാരിസ് പിന്നീട് നിരന്തരം ബന്ധപ്പെടുകയായിരുന്നുവെന്ന് യുവതി നല്‍കിയ പരാതിയില്‍ പറഞ്ഞു. പിന്മാറാന്‍ ശ്രമിച്ചുവെങ്കിലും കൂടുതല്‍ സ്നേഹം നടിക്കുകയും വിവാഹം കഴിക്കാമെന്നും നല്ല നിലയില്‍ സംരക്ഷിക്കാമെന്നും ഉറപ്പു നല്‍കിയത്രെ.
2021ല്‍ ഇന്നോവ കാറുമായെത്തിയ ഹാരിസ് യുവതിയേയും കൂട്ടി പറശ്ശിനി കടവിലെ ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറഞ്ഞു. ഈ സമയത്ത് യുവതിയുടെ തിരിച്ചറിയല്‍ കാര്‍ഡാണ് ലോഡ്ജില്‍ നല്‍കിയിരുന്നത്.
2022ല്‍ മാറിടത്തില്‍ ശസ്ത്രക്രിയ ആവശ്യമായി വന്നപ്പോള്‍ കേരളത്തില്‍ നല്ല ഡോക്ടര്‍ ഉണ്ടെന്നു പറഞ്ഞ് പയ്യന്നൂരിലെത്തിച്ച് ലോഡ്ജില്‍ വെച്ച് രണ്ടു ദിവസം പീഡിപ്പിച്ചുവെന്നും യുവതി നല്‍കിയ പരാതിയില്‍ പറഞ്ഞു. രണ്ടു ദിവസം കഴിഞ്ഞ് പയ്യന്നൂര്‍ ഗവ. ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയയാക്കി. പിറ്റേന്ന് വീണ്ടും ലോഡ്ജിലെത്തി പീഡിപ്പിച്ചു. പിന്നീടും പല തവണ പീഡനം നടന്നതായും പരാതിയില്‍ പറഞ്ഞു. പീഡനം സംബന്ധിച്ച് ആദ്യം തളിപ്പറമ്പ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ കേസെടുക്കാന്‍ തയ്യാറാകാത്തതിനാല്‍ യുവതി റൂറല്‍ എസ്.പിക്കു പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് കേസെടുത്തത്.