കാസർകോട്: കൊക്കച്ചാൽ ഡബിൾ ഗേറ്റിനടുത്തു കാറ്റാടി മരം റോഡിനു കുറുകെ വീണു ഗതാഗതം തടസ്സപ്പെട്ടു. മരം വീണു വൈദ്യുതി ലൈൻ പൊട്ടിയതിനെത്തുടർന്നു വൈദ്യുതി വിതരണവും നിലച്ചു. മരം വീണതിന് ഇരുവശവും നാട്ടുകാർ യാത്രക്കാരെ തടഞ്ഞു നിറുത്തിയിരിക്കുകയാണ്. വൈദ്യുതി വകുപ്പ് ജീവനക്കാർ എത്തി ട്രാൻസ്ഫോമർ ഓഫാക്കിയാലേ മരം മുറിച്ചു മാറ്റാൻ കഴിയൂ. വിവരം വൈദ്യുതി വിഭാഗത്തെ നാട്ടുകാർ അറിയിച്ചിട്ടുണ്ട്. നാലു ദിവസം മുമ്പു മൂന്നു കാറ്റാടി മരങ്ങൾ ഇവിടെ കടപുഴകി വീഞ്ഞിരുന്നു. ആ അപകടത്തിൽ മൂന്നു വൈദ്യുതി പോസ്റ്റുകളും ഒടിഞ്ഞു വീണിരുന്നു. കഴിഞ്ഞ വർഷം ഈ പരിസരങ്ങളിൽ വാഹനങ്ങൾക്കു മുകളിലും കാറ്റാടി മരങ്ങൾ കടപുഴകി വീണു വൻ നാശമുണ്ടായിരുന്നു. അപ്പോഴും പ്രകൃതിയുടെ ഘാതകരായ ഈ മരങ്ങളെ അധികൃതർ പൊന്നുപോലെ സൂക്ഷിച്ചു സംരക്ഷിച്ചു കൊണ്ടിരിക്കുകയാണ്. വൻമരങ്ങൾ കടപുഴകി വൈദ്യുതിലൈൻ പൊട്ടിയാലും വൈദ്യുതി പോസ്റ്റ് തകർന്നാലും കൂട്ടിക്കൊണ്ടിരിക്കുന്ന വൈദ്യുതി ചാർജും കൊടുത്തു ജനങ്ങൾ ഇരുട്ടത്തിരുന്നു തപ്പിയാലും വഴിനടക്കാൻ വിഷമിച്ചാലും വൈദ്യുതി വകുപ്പിനെന്താ?? ഉപഭോക്താക്കൾ വേണമെങ്കിൽ സഹിച്ചോട്ടെ, അല്ലാതെന്താ.!- എന്നാണ് ജനം ചോദിക്കുന്നത്.