കാസർകോട് : അമ്മാവന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയ യുവാവിനെ റോഡരുകിലെ കുറ്റിക്കാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാസർകോട് പെരിയ മുത്തനടുക്കം മഠത്തില്‍ വീട്ടില്‍ പരേതനായ ചുക്രന്‍- ചെനിയാറു ദമ്പതികളുടെ മകന്‍ എം വിനു (41)വാണ് മരിച്ചത്. അമ്മാവന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കുന്നതിനായി വിനു രണ്ട് ദിവസം മുൻപാണ് വീട്ടില്‍ നിന്നു ഇറങ്ങിയത്. ചടങ്ങില്‍ പങ്കെടുത്ത ശേഷം രാത്രി തന്നെ മടങ്ങുകയും ചെയ്‌തിരുന്നു. എന്നാല്‍ വീട്ടില്‍ എത്തിയിരുന്നില്ല. കഴിഞ്ഞ ദിവസം വൈകുന്നേരം അരങ്ങിനടുക്കത്തെ ചെറിയ തോടിനു കുറുകെയുള്ള പാലത്തിനു സമീപത്തെ കുറ്റിക്കാട്ടിലാണ് മൃതദേഹം കാണപ്പെട്ടത്. കാട്ടിനുള്ളില്‍ നിന്നു മൊബൈല്‍ ഫോണ് അടിക്കുന്ന ശബ്‌ദം കേട്ട് പാലത്തിലിരിക്കുകയായിരുന്ന ആൾ നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. വിനുവാണെന്നു തിരിച്ചറിഞ് ബന്ധുക്കളെ അറിയിക്കുകയായിരുന്നു.തലയ്‌ക്ക് പരിക്കേറ്റ നിലയിലാണ് മൃതദേഹം. നടന്നു പോകുന്നതിനിടയില്‍ കാല്‍ തെറ്റി വീണതായിരിക്കാമെന്നാണ് സംശയിക്കുന്നത്. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി .അസ്വഭാവിക മരണത്തിന് ബേക്കൽ പൊലീസ് കേസ്സെടുത്ത് അന്വേഷണം തുടങ്ങി.
![](https://malayalam.karavaldaily.com/wp-content/uploads/2025/02/inbound4087530442608743155.jpg)