കാസര്‍കോട്: അജാനൂര്‍ കിഴക്കുംകരയില്‍ പൊലീസ് വാഹനത്തില്‍ ടിപ്പര്‍ ഇടിപ്പിച്ച് ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. കാഞ്ഞങ്ങാട് അനന്തംപള്ള സ്വദേശി എന്‍പി മുഹമ്മദ് ഫൈസല്‍(24) ആണ് പിടിയിലായത്. ജനുവരി 30 നു പുലര്‍ച്ചെ 1.30 മണിയോടെയാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. സീനിയര്‍ സിവില്‍ ഓഫീസര്‍ അശോകന്‍ തുളിച്ചേരിയും സംഘവും നൈറ്റ് പട്രോളിങ് ഡ്യൂട്ടി ചെയ്തു വരുന്നതിനിടെയാണ് യുവാവിന്റെ പരാക്രമം. അനധികൃതമായി മണല്‍ കടത്തിക്കൊണ്ടുപോകുന്നത് കണ്ട പൊലീസ് ടിപ്പറിനെ കൈകാട്ടി തടഞ്ഞു നിര്‍ത്താന്‍ ശ്രമിച്ചു. അതിനിടെ ടിപ്പര്‍ ലോറി അതിവേഗത്തില്‍ പൊലീസ് വാഹനത്തില്‍ ഇടിച്ച ശേഷം നിര്‍ത്താതെ ഓടിച്ചുപോവുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ അശോകന്‍ തുളിച്ചേരിയുടെ കൈക്ക് പരിക്കേല്‍ക്കുകയും പൊലീസ് വാഹനത്തിനു സാരമായ കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് പൊലീസുകാരെ വധിക്കാന്‍ ശ്രമിച്ചതിനും പൊതുമുതല്‍ നശിപ്പച്ചതിനും ഫൈസലിനെതിരെ കേസെടുത്തിരുന്നു. കാഞ്ഞങ്ങാട് ഡി വൈ എസ് പി ബാബു പെരിങ്ങേത്ത്, ഇന്‍സ്പെക്ടര്‍ പി അജിത്ത് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍, സബ് ഇന്‍സ്‌പെക്ടര്‍ അഖില്‍ ചേരിപ്പാടി, ജോജോ, എസ്.സി.പി.ഒമാരായ ഷൈജു, കെടി അനില്‍, സിപിഒമാരായ അനൂപ്, രമിത്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
