ഗണേഷ് കുമാറും കടന്നപ്പള്ളിയും ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും; സിനിമ വകുപ്പ് കിട്ടിയാല്‍ സന്തോഷമെന്ന് ഗണേഷ്‌കുമാര്‍

കെബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് 4 ന് രാജ്ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. ഗണേഷ് കുമാറിനെ ഗതാഗതവും കടന്നപ്പള്ളിക്ക് തുറമുഖ വകുപ്പുമാണ് ലഭിക്കുക. ഗണേഷ് കുമാറിന് സിനിമാ വകുപ്പ് കൂടി ലഭിക്കണമെന്ന് കേരള കോണ്‍ഗ്രസ് ബി ചോദിച്ചിരുന്നു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഇന്നുണ്ടാകും. രാവിലെ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഈ വിഷയവും കൂടി ചര്‍ച്ച ചെയ്യാന്‍ സാധ്യതയുണ്ട്. പ്രധാനമന്ത്രി വിളിച്ച ചീഫ് സെക്രട്ടറിമാരുടെ യോഗം ഉള്ളതിനാല്‍ ചീഫ് സെക്രട്ടറി വി വേണു ചടങ്ങിന് എത്തില്ല. പകരം അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരനാണ് പങ്കെടുക്കുക.
അതേസമയം ഗതാഗത വകുപ്പ് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്ന് നിയുക്ത മന്ത്രി കെബി ഗണേഷ്‌കുമാര്‍. കെഎസ്ആര്‍ടിസിയില്‍ പ്രശ്നങ്ങളുണ്ടെന്നും തൊഴിലാളികള്‍ പറയുന്നതില്‍ കാര്യമുണ്ടെന്നും സഹകരിച്ചാല്‍ വിജയിപ്പിക്കാമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ഗ്രാമീണ മേഖലയില്‍ ബസുകള്‍ കൂടുതലായി ഇറക്കുമെന്നും അത് വലിയ മാറ്റമാകുമെന്നും അദ്ദേഹം പറഞ്ഞു.
കെഎസ്ആര്‍ടിസിയെ സിസ്റ്റമാറ്റിക്ക് ആക്കി മാറ്റണം. കെഎസ്ആര്‍ടിസിയെ സ്വയം പര്യാപ്തതയില്‍ എത്തിക്കുക എളുപ്പമല്ലെന്നും തൊഴിലാളി ദ്രോഹ നടപടികളൊന്നും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം ബസ്റ്റാന്റിന്റെ കാര്യത്തില്‍ ഇടപെടും. കെഎസ്ആര്‍ടിസിയെ കമ്പ്യൂട്ടര്‍വല്‍ക്കരിക്കും. ഇതിലൂടെ ചോര്‍ച്ച തടയാനാകും. സിനിമ വകുപ്പ് കിട്ടിയാല്‍ സന്തോഷമെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page