ദുബായിലെ ബാങ്കിൽനിന്ന് തട്ടിയത് 300 കോടി രൂപ, സിനിമയിലും പണം നിക്ഷേപിച്ചു: കാസര്‍കോട് സ്വദേശിയെ ഇ ഡി ചോദ്യം ചെയ്യുന്നു

കൊച്ചി: ദുബായിലെ ബാങ്കില്‍നിന്ന് 300 കോടി രൂപ തട്ടിയെടുത്തെന്ന കേസില്‍ മലയാളി വ്യവസായിയെ ഇ.ഡി (എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്) കസ്റ്റഡിയിലെടുത്തു. കാസര്‍കോട് സ്വദേശി അബ്ദുള്‍റഹ്‌മാനെയാണ് കൊച്ചിയിലെ ഹോട്ടലില്‍നിന്ന് വ്യാഴാഴ്ച രാവിലെ ഇ.ഡി. കസ്റ്റഡിയിലെടുത്തത്.തട്ടിപ്പുകേസില്‍ ഉള്‍പ്പെട്ട അബ്ദുള്‍റഹ്‌മാന്‍ കഴിഞ്ഞദിവസം രാത്രിയാണ് കൊച്ചിയിലെ ഹോട്ടലില്‍ എത്തിയത്. തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ ഇ.ഡി. സംഘം ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൊച്ചിയിലെ ഇ.ഡി. ഓഫീസിലെത്തിച്ച ഇയാളെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യംചെയ്തുവരികയാണ്. ഇയാളുടെ ഉടമസ്ഥതയിലുള്ള 25-ഓളം സ്ഥലങ്ങളിലും ഇ.ഡി.യുടെ റെയ്ഡ് നടക്കുന്നുണ്ട്.
2017-18 കാലയളവില്‍ ദുബായിലെ വിവിധ ബാങ്കുകളെ കബളിപ്പിച്ച് അബ്ദുള്‍റഹ്‌മാന്‍ 300 കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് കേസ്. ഈ പണം കേരളത്തിലെ വിവിധമേഖലകളിലായി ഇയാള്‍ നിക്ഷേപിച്ചിട്ടുണ്ടെന്നും ഇ.ഡി. കണ്ടെത്തിയിട്ടുണ്ട്.
റിയല്‍ എസ്റ്റേറ്റ്, സിനിമ അടക്കമുള്ള വ്യവസായങ്ങളിലാണ് അബ്ദുള്‍റഹ്‌മാന്‍ പണം നിക്ഷേപിച്ചിരുന്നത്. ‘മഹേഷിന്റെ പ്രതികാരം’ എന്ന സിനിമയില്‍ 60 ശതമാനത്തോളം പണം മുടക്കിയത് അബ്ദുള്‍റഹ്‌മാന്‍ ആണെന്നാണ് ഇ.ഡി.യുടെ കണ്ടെത്തല്‍. മാത്രമല്ല, കോഴിക്കോട് കേന്ദ്രീകരിച്ചുള്ള ഡാലിയ ബില്‍ഡേഴ്‌സില്‍ ഇയാള്‍ സഹപാര്‍ട്ണറാണെന്നും ഇ.ഡി.യുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പി.എഫ്.ഐ. നേതാക്കളുമായി ബന്ധമുള്ള സ്ഥാപനമാണിത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page