കാഞ്ഞങ്ങാട്: കാനറ ബാങ്കിൽ ജോലി വാഗ്ദാനംചെയ്ത് യുവാവിൽനിന്ന് 3,75,151 രൂപ തട്ടിയെടുത്ത കേസിൽ പ്രതിയെ 48 മണിക്കൂറിനകം പിടികൂടി ഹൊസ്ദുർഗ് പൊലീസ്. എറണാകുളം ഇടപ്പള്ളി മാലിയക്കൽ റോഡ് അമൃതം ഗൗരി അപ്പാർട്ട്മെന്റിൽ വാസുദേവപുരം പാലസ് സ്വദേശി കിഷോർ ശങ്കറി (42)നെ തൃശ്ശൂരിൽ വച്ചാണ് പിടികൂടിയത്. പുതുക്കൈ സ്വദേശിയായ സിദ്ധാർഥാണ് പരാതിക്കാരൻ. ബാങ്കിൽ ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് പലതവണയായി പണം അയപ്പിച്ചു തട്ടിപ്പ് നടത്തി എന്നാണ് പരാതി. നവംബർ 16നു പഴനിയിൽവെച്ചാണ് പ്രതി പരിചയപ്പെടുന്നത്. കാസർകോട് വിദ്യാനഗർ കാനറ ബാങ്കിലെ എൻ.ആർ.ഐ. സെക്ഷൻ മാനേജരാണെന്നും പേര് ശ്രീറാം എന്നാണെന്നും തെറ്റായി പരിചയപ്പെടുത്തിയാണ് ഇയാൾ സൗഹൃദം സ്ഥാപിച്ച് വിശ്വാസം നേടിയെടുത്തത്. സംഭവത്തിൽ ഹൊസ്ദുർഗ് പൊലീസാണ് കേസ് രജിസ്റ്റർചെയ്ത് അന്വേഷണം ആരംഭിച്ചത്. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി.യുടെ പ്രത്യേക നിർദ്ദേശപ്രകാരം അന്വേഷണസംഘം രൂപവത്കരിച്ചു.വെള്ളരിക്കുണ്ട് സർക്കിൾ ഓഫീസിലെ ഗ്രേഡ് എ.എസ്.ഐ.കെ. രഞ്ജിത്ത്, ജി.എ.എസ്.ഐ. ശിവകുമാർ പള്ളിയത്ത്, എസ്.സി.പി.ഒ. കെ. രാജേഷ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.തൃശ്ശൂർ സിറ്റി പൊലീസ് കമ്മിഷണറുടെ ക്രൈം സ്ക്വാഡ് അംഗങ്ങളുടെ സഹായത്തോടെ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ തൃശ്ശൂർ ജില്ലയിലെ പൂങ്കുന്നത്തുനിന്ന് പ്രതിയെ സാഹസികമായി പിടികൂടി. പ്രതിയെ ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷനിൽ ഹാജരാക്കി.സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി സമാനമായ അഞ്ച് തട്ടിപ്പ് കേസുകളിലും പ്രതി ഉൾപ്പെട്ടിട്ടുള്ളതായി പൊലീസ് അറിയിച്ചു. ആലപ്പുഴ ജില്ലയിലെ മാന്നാർ, തിരുവനന്തപുരം സിറ്റിയിലെ പേരൂർക്കട, മലപ്പുറം ജില്ലയിലെ എടക്കര, തൃശ്ശൂർ വെസ്റ്റ്, കാസർകോട് ജില്ലയിലെ വിദ്യാനഗർ പൊലീസ് സ്റ്റേഷൻ എന്നിവിടിങ്ങളിലാണ് ഇയാൾക്കെതിരേ കേസുകളുള്ളത്. പ്രതിയുടെ മറ്റ് തട്ടിപ്പുകളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്നു അന്വേഷണ ഉദ്യോഗസ്ഥൻ ഹൊസ്ദുർഗ് എസ്.ഐ. പി.എ. അബ്ദുൾ ബാസിത്ത് പറഞ്ഞു.







