കാസര്‍കോട്: പത്തു ദിവസം മുമ്പ് കാണാതായ യുവാവിനെ ഇനിയും കണ്ടെത്താനായില്ല. ബേക്കല്‍ മൗവ്വല്‍, പള്ളിക്കരഹൗസിലെ എം ജംഷീറി(30)നെ നവംബര്‍ 20ന് ആണ് കാണാതായത്. രാവിലെ ആറുമണിക്ക് വീട്ടില്‍ നിന്നു പോയതായിരുന്നു. തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധുവീടുകളിലും മറ്റും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഭാര്യ തസ്മിയ ബേക്കല്‍ പൊലീസില്‍ പരാതി നല്കി. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. മൊബൈല്‍ ഫോണ്‍ വീട്ടില്‍ വച്ച ശേഷമാണ് ജംഷീര്‍ വീട്ടില്‍ നിന്നു ഇറങ്ങിയതെന്നു പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. എന്നാല്‍ ഫോണ്‍ കൊണ്ടു പോകാതിരുന്നത് ജംഷീറിന്റെ തിരോധാനത്തില്‍ ദുരൂഹത ഉയര്‍ത്തുന്നുവെന്നു പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. അന്വേഷണം ഊര്‍ജ്ജിതമായി തുടരുകയാണെന്നു കൂട്ടിച്ചേര്‍ത്തു.







