കാസര്‍കോട്: ഫോണില്‍ ഇചെല്ലാന്‍ എപികെ എന്ന ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ച് ഇന്ദിരാനഗര്‍ സ്വദേശിയുടെ 1,14,550 രൂപ തട്ടി. 55 കാരനായ അബ്ദുല്‍ റസാഖ് ആണ് സൈബര്‍ തട്ടിപ്പിനിരയായത്. ഈമാസം 24 നാണ് സംഭവം. പിഴ അടക്കാനുണ്ടെന്നറിയിച്ച് ആരോ ഫോണില്‍ ഇചെല്ലാന്‍ എപികെ എന്ന ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിക്കുകയായിരുന്നു. ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെ റസാഖിന്റെ സൗത്ത് ഇന്ത്യന്‍ ബാങ്കിലെ അക്കൗണ്ടില്‍ നിന്ന് പലതവണയായി പണം നഷ്ടമായി. സംഭവത്തില്‍ റസാഖ് സൈബര്‍ ക്രൈം പൊലീസില്‍ പരാതി നല്‍കി.
വാഹന ഉടമകളെ ലക്ഷ്യമിട്ട് യഥാര്‍ത്ഥ്യമെന്ന് തോന്നിപ്പിക്കുന്ന ഇ-ചെല്ലാന്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തി വ്യാജ എസ്.എം.എസ് അയച്ച് പണം അപഹരിക്കുന്ന പുതിയ തട്ടിപ്പുകള്‍ക്കെതിരെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കേരള പൊലീസ് അറിയിക്കുന്നു. ഇ-ചെല്ലാന്‍, ട്രാഫിക്ക് ഫൈന്‍, വാഹന വെരിഫിക്കേഷന്‍, കെ.വൈ.സി, റീ ഫണ്ട്, ആര്‍.ടി.ഒ/എം.വി.ഡി സേവനങ്ങള്‍ തുടങ്ങിയ ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി എസ്.എം.എസ്, വാട്‌സ്ആപ്പ്, ടെലിഗ്രാം അല്ലെങ്കില്‍ മറ്റേതെങ്കിലും മെസേജ് പ്ലാറ്റ്‌ഫോം വഴി ലഭിക്കുന്ന എ.പി.കെ ഫയലുകള്‍ ഒരിക്കലും ഇന്‍സ്റ്റാള്‍ ചെയ്യരുതെന്ന് പൊലീസ് അറിയിച്ചു.








