താമരശ്ശേരി: നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 20കാരിയെ റോഡരുകില്‍ നിര്‍ത്തിയിട്ട ബസിനകത്തും ലോഡ്ജ് മുറിയിലെത്തിച്ചും നിരവധി തവണ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. അടിവാരം-കോഴിക്കോട് റൂട്ടിലോടുന്ന ഒരു സ്വകാര്യ ബസ് ഡ്രൈവര്‍ പുതുപ്പാടി, വെസ്റ്റ് കൈതപ്പൊയില്‍ കല്ലടിക്കുന്നുമ്മല്‍ വീട്ടില്‍ കെ.കെ അനീഷ് എന്ന കുട്ടന്‍ (38), ക്ലീനര്‍ വെസ്റ്റ് കൈതപ്പൊയില്‍ പുഴക്കുന്നുമ്മല്‍ വീട്ടില്‍ പി.എസ് സജിത്ത് എന്ന അക്കു (24) എന്നിവരെയാണ് താമരശ്ശേരി ഡിവൈഎസ്പി കെ.എ ബോസിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. പുതുപ്പാടിക്ക് സമീപത്തെ 20കാരിയാണ് പീഡനത്തിനിരയായത്. ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു യുവതി.
2026 ഏപ്രില്‍ മാസത്തിലാണ് യുവതി ആദ്യമായി പീഡനത്തിനിരയായത്. ജോലി കഴിഞ്ഞ് ബസ് കയറാനായി ബസ് സ്റ്റാന്റിലേയ്ക്ക് നടന്നു പോകുന്നതിനിടയില്‍ പിതാവിന്റെ പരിചയക്കാരായ രണ്ട് പേര്‍ കാറിലെത്തുകയും മയക്കിയ ശേഷം ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചുവെന്നുമാണ് യുവതി പൊലീസിൽ നൽകിയ പരാതിയില്‍ പറയുന്നത്. നഗ്ന ഫോട്ടോകളും വീഡിയോകളും പകര്‍ത്തുകയും അവ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ബസില്‍ കയറ്റി കൊണ്ടു പോയി നിരവധി തവണ പീഡിപ്പിച്ചതായും യുവതി പൊലീസിനു മൊഴി നല്‍കി. അടിവാരത്തിന്റെ പരിസരപ്രദേശങ്ങളിലും ഒന്നാംവളവിനു സമീപത്തെ ആള്‍ പെരുമാറ്റം കുറവുള്ള ഒരു പ്രദേശത്തും ബസ് നിര്‍ത്തി ഷട്ടര്‍ താഴ്ത്തിയ ശേഷം ഇരുവരും ചേര്‍ന്ന് യുവതിയെ നിരവധി തവണ ബലാത്സംഗം ചെയ്തതായും യുവതി പൊലീസിനു മൊഴി നല്‍കി. അറസ്റ്റിലായ പ്രതികള്‍ കൂടാതെ മറ്റു ഏതാനും പേരും യുവതിയെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്. പീഡനം സഹിക്കാന്‍ കഴിയാതെ വന്നതോടെയാണ് യുവതി കാക്കൂര്‍ പൊലീസില്‍ പരാതി നല്‍കിയത്.







