കണ്ണൂര്‍: ഡ്രഗ്സ് കണ്ട്രോള് വകുപ്പ് കണ്ണൂര്‍ നഗരത്തില്‍ നടത്തിയ പരിശോധനയില്‍ തെറ്റായ വിവരങ്ങള്‍ അടങ്ങിയ സൗന്ദര്യ വര്‍ധക വസ്തുക്കളുടെ വന്‍ശേഖരം പിടികൂടി. കണ്ണൂര്‍, താളിക്കാവ് റോഡില്‍ പ്രവര്‍ത്തിക്കുന്ന എസ്കെ നോവല്‍റ്റി എന്ന കോസ്മെറ്റിക് ഹോള്‍സെയില്‍ സ്ഥാപനത്തില്‍ നിന്നാണ് വില്‍പ്പനക്കായി സൂക്ഷിച്ച ലിപ്സ്റ്റികുകളുടെയും ലിപ് ബാമുകളുടെയും ശേഖരം പിടികൂടിയത്.

ഫേസ് ക്രീം ഉപയോഗിച്ചതിനെ തുടര്‍ന്ന് മലപ്പുറത്തെ 16കാരി ഗുരുതരമായ വൃക്കരോഗ ബാധിതയായതിനെ തുടര്‍ന്ന് ഡ്രഗ്സ് കണ്ട്രോള് വകുപ്പ് സംസ്ഥാന വ്യാപകമായി ആരംഭിച്ച റെയ്ഡിന്റെ ഭാഗമായാണ് കണ്ണൂരിലും പരിശോധന നടന്നത്. ഡ്രഗ്സ് ഇന്‍സ്പെക്ടര്‍മാരായ സോണിയ കൃഷ്ണന്, ബേബി, പിഎം സന്തോഷ്, ഇഎന്‍ ബിജിന് എന്നിവരാണ് പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നത്.







