പെരിയ: ജില്ലാ സ്കൂൾ കലോത്സവത്തിലെ മത്സരങ്ങൾ വിജിലൻസിന്റെ കർശന നിരീക്ഷണത്തിൽ. വിജിലൻസ് ഡിവൈ.എസ്.പി വിശ്വംഭരൻ നായരുടെ നേതൃത്വത്തിൽ കലോത്സവത്തിലെ മത്സരങ്ങളും വിധിനിർണയ നടപടികളും നിരീക്ഷിക്കും.
മത്സരങ്ങളുടെ വിധികർത്താക്കൾ, വിധിനിർണയത്തിലെ അസ്വാഭാവികതകൾ, ഫലങ്ങളിലെ അസാധാരണമായ വ്യതിയാനങ്ങൾ, അപ്പീലുകൾ, മുൻകാലങ്ങളിൽ ആരോപണവിധേയരായ വിധികർത്താക്കൾ, സ്ഥിരമായി വിവിധ മത്സരങ്ങളിൽ വിധികർത്താക്കളായി എത്തുന്നവർ എന്നിവരെല്ലാം വിജിലൻസിന്റെ പ്രത്യേക നിരീക്ഷണത്തിലാണ്.
മത്സരവേദികളിലെ നടപടിക്രമങ്ങൾ മുതൽ വിധിനിർണയത്തിലെ സുതാര്യത ഉറപ്പാക്കും. ഏതെങ്കിലും തരത്തിലുള്ള സ്വാധീനമോ ഇടപെടലോ ക്രമക്കേടുകളോ നടക്കുന്നുണ്ടോയെന്നും പരിശോധന നടത്തും.
പ്രതിഭകൾക്ക് അർഹമായ അംഗീകാരം ലഭിക്കുന്നുവെന്ന് ഉറപ്പാക്കുകയും വിധിനിർണയത്തിലെ സുതാര്യത നിലനിർത്തുകയും ചെയ്യുകയാണ് വിജിലൻസ് നിരീക്ഷണത്തിന്റെ ലക്ഷ്യം. പ്രത്യേകം സ്ക്വാഡുകളായി തിരിഞ്ഞാണ് കലോത്സവ നഗരിയിൽ നിരീക്ഷണം നടത്തുന്നത്.







