കാസര്‍കോട്: ഷാഫി പറമ്പിലിനെ പിന്തുണച്ച് കാഞ്ഞങ്ങാട്ടും ഫ്‌ലക്‌സ് ബോര്‍ഡ് സ്ഥാപിച്ചു. ‘കുപ്രചരണങ്ങള്‍ക്കും കുടില തന്ത്രങ്ങള്‍ക്കും തകര്‍ക്കാനാവില്ല ഈ ജനകീയ മുഖത്തെ’ എന്ന വാചകങ്ങളാണ് ബോര്‍ഡിലുള്ളത്. നേരത്തെ ഈ വിഷയത്തില്‍ പരസ്യ പ്രസ്താവനകളോ ഫ്‌ളക്‌സ് പ്രചരണങ്ങളോ നടത്തരുതെന്ന കെപിസിസിയുടെയും എഐസിസിയുടെയും നിര്‍ദ്ദേശം ലംഘിച്ചുകൊണ്ടാണ് അണികളുടെ ഫ്‌ളക്‌സ് യുദ്ധം. വ്യാവാഴ്ച രാവിലെ കണ്ണൂര്‍ കാല്‍ടെക്‌സ്, സ്റ്റേഡിയം കോര്‍ണര്‍, പഴയ ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസിന്റെ പേരില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു. അതിലും ‘കുപ്രചരണങ്ങള്‍ക്കും കുടില തന്ത്രങ്ങള്‍ക്കും തകര്‍ക്കാനാവില്ല ഈ ജനകീയ മുഖത്തെ’ എന്ന വാചകമാണ് ഉണ്ടായിരുന്നത്. രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പരസ്യപ്രസ്താവനകളെ തുടര്‍ന്നുണ്ടായ തര്‍ക്കങ്ങളുടെ പശ്ചാത്തലത്തിലാണ് ഷാഫിയെ പിന്തുണച്ച് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരിക്കുന്നത്.
ഷാഫി എ ഗ്രൂപ്പ് അല്ലെന്നും എ ഗ്രൂപ്പാണെങ്കില്‍ അത് എട്ടാമത്തെ അത്ഭുതമാണെന്നുമാണ് ഉണ്ണിത്താന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. തനിക്കെതിരായ സൈബര്‍ ആക്രമണത്തിന് പിന്നില്‍ പെട്ടിതാങ്ങികളാണെന്നും ആശാന് വേണ്ടി അടൂരിലെ ശിഷ്യന്‍ ഇറങ്ങിയിരിക്കുകയാണെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആരോപിച്ചിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെ പരോക്ഷമായി പരാമര്‍ശിച്ചാണ് ഉണ്ണിത്താന്‍ ആരോപണം ഉന്നയിച്ചത്.








