നീലേശ്വരം: നീരൊഴുക്ക് കുറഞ്ഞതിനാല്‍ നീലേശ്വരം പാലായി റെഗുലറ്റര്‍ കം ബ്രിഡ്ജിന്റെ ഷട്ടറുകള്‍ നാളെ അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു. വേലിയേറ്റ സമയത്ത് ഉപ്പുവെള്ള കയറുന്നത് തടയാനാണ് അടച്ചിടുന്നതെന്ന് ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യുട്ടിവ് എഞ്ചിനീയറുടെ അറിയിപ്പില്‍ പറയുന്നു. സാധാരണയായി മഴക്കാലം കഴിഞ്ഞ് നവംബര്‍-ഡിസംബര്‍ മാസങ്ങളിലാണ് പുഴയിലെ ഉപ്പുവെള്ളം കയറുന്നത് തടയുന്നതിനും വേനല്‍ക്കാലത്തെ കൃഷിക്കും കുടിവെള്ളത്തിനുമായി പാലായി റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ഷട്ടറുകള്‍ ജലസേചന വകുപ്പ് അടയ്ക്കാറുള്ളത്. ഷട്ടറുകള്‍ അടയ്ക്കുന്നതിന് മുന്നോടിയായി പുഴയുടെ ഇരുകരകളിലുമുള്ള താമസക്കാര്‍ക്കും, മത്സ്യത്തൊഴിലാളികള്‍ക്കും, തോണി യാത്രക്കാര്‍ക്കും അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കാറുണ്ട്.







