കാസര്‍കോട്: അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മീങ്ങോത്ത് പെരും തൃക്കോവിലപ്പന്‍ ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തിയവരെന്ന് സംശയിക്കുന്ന നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാഞ്ഞങ്ങാട് സ്വദേശികളാണ് അമ്പലത്തറ പൊലീസിന്റെ കസ്റ്റഡിയിലായത്. ഇവരുടെ ചോദ്യം ചെയ്യൽ പൂര്‍ത്തിയായി അറസ്റ്റ് രേഖപ്പെടുത്തുന്നതോടെ മീങ്ങോത്ത് ക്ഷേത്രം ഉള്‍പ്പെടെ നിരവധി ആരാധനാലയങ്ങളില്‍ നടന്ന ഭണ്ഡാര കവര്‍ച്ച കേസുകള്‍ക്ക് തുമ്പുണ്ടാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.
മീങ്ങോത്ത് ക്ഷേത്രത്തില്‍ നിന്ന് ചെമ്പു ഭണ്ഡാരങ്ങളും മൂന്ന് ഉരുളികളുമാണ് കവര്‍ച്ച പോയത്. തിങ്കളാഴ്ച പുലര്‍ച്ചയാണ് കവര്‍ച്ച നടന്നതെന്ന് സംശയിക്കുന്നു. ക്ഷേത്രം മേല്‍ശാന്തി ഗണരാജ് നട തുറക്കാന്‍ എത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്. ക്ഷേത്ര നാലമ്പലത്തിന്റെ രണ്ട് ഭാഗങ്ങളിലെ വാതിലുകള്‍ തല്ലിപ്പൊളിക്കാന്‍ ശ്രമിച്ച നിലയിലായിരുന്നു.
ക്ഷേത്രത്തിലെ ഉപദേവാലയമായ ഭഗവതി ക്ഷേത്രത്തിന്റെ വാതിലിലെ പൂട്ട് തകര്‍ത്ത് അകത്തു കടന്നാണ് ചെമ്പു ഭണ്ഡാരം കവര്‍ച്ച ചെയ്തത്. മീങ്ങോത്ത് ക്ഷേത്രത്തില്‍ കവര്‍ച്ച നടന്നതിന് പിന്നാലെ പുല്ലൂര്‍, ഉദയനഗര്‍ റോഡരികിലെ കുറ്റിക്കാട്ടില്‍ ഒരു സ്റ്റീല്‍ ഭണ്ഡാരം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പുല്ലൂരിലും പരിസരങ്ങളിലുമുള്ള മറ്റു ഏതാനും ആരാധനാലയങ്ങളിലെ ഭണ്ഡാരങ്ങളും കവര്‍ച്ച പോയിരുന്നു. വാഹനങ്ങളില്‍ എത്തിയ സംഘമാണ് കവര്‍ച്ചകള്‍ക്ക് പിന്നിലെന്ന് സംശയിക്കുന്നു.







