പി പി ചെറിയാന്‍
കാലിഫോര്‍ണിയ :സാന്‍ ഡീഗോയില്‍ നിന്ന് ചിക്കാഗോയിലേക്ക് പോവുകയായിരുന്ന അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ച യാത്രക്കാരനെ മറ്റ് യാത്രക്കാരും ജീവനക്കാരും ചേര്‍ന്ന് കീഴ്‌പ്പെടുത്തി കെട്ടിയിട്ടു. ബുധനാഴ്ച പുലര്‍ച്ചെ വിമാനം അരിസോണ-കാലിഫോര്‍ണിയ അതിര്‍ത്തിക്ക് മുകളിലൂടെ പറക്കുന്നതിനിടെ സീറ്റില്‍ നിന്ന് എഴുന്നേറ്റ യാത്രക്കാരന്‍ വിമാനത്തിന്റെ മുന്‍ഭാഗത്തേക്ക് നീങ്ങുകയും വാതില്‍ തുറക്കാന്‍ ശ്രമിക്കുകയുമായിരുന്നു.
ജീവനക്കാരുടെ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ച് ബഹളമുണ്ടാക്കിയ ഇയാളെ മറ്റ് യാത്രക്കാരും ജീവനക്കാരും ചേര്‍ന്ന് കീഴ്‌പ്പെടുത്തി കൈകള്‍ കെട്ടിയിട്ടു. തുടര്‍ന്ന് പുലര്‍ച്ചെ ഒരു മണിയോടെ വിമാനം ഫീനിക്‌സ് സ്‌കൈ ഹാര്‍ബര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി നിലത്തിറക്കുകയും ഉടന്‍ സ്ഥലത്തെത്തിയ പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു . നിസ്സാര പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ എഫ്.ബി.ഐയും ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനും അന്വേഷണം ആരംഭിച്ചു. സുരക്ഷാ പരിശോധനകള്‍ക്ക് ശേഷം വിമാനം രാവിലെ ചിക്കാഗോയിലേക്ക് യാത്ര തുടര്‍ന്നു.








