പാലക്കാട്: രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിക്ക് ‘നെല്ലിക്കാത്തളം’ വയ്ക്കുന്നതിനായി നെല്ലിക്ക കൊറിയര്‍ വഴി അയച്ചുകൊടുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. പാലക്കാട് വണ്ടാഴി പഞ്ചായത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് എം.പിക്ക് നെല്ലിക്ക പാഴ്‌സല്‍ അയച്ചുനല്‍കിയത്. ഷാഫി പറമ്പിലിനെതിരായ രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെയാണ് കോണ്‍ഗ്രസില്‍ വിവാദങ്ങള്‍ക്ക് തുടക്കമായത്. ‘കാസര്‍കോട് ജില്ലയിലെ സാധാരണക്കാരായ പ്രവര്‍ത്തകരുടെ വിയര്‍പ്പാണ് എംപി സ്ഥാനം, അത് നിങ്ങള്‍ മറക്കേണ്ട, ഷാഫി പറമ്പിലിന്റെ ജനപിന്തുണ കണ്ട് നിങ്ങള്‍ക്ക് മാനസിക നിലതെറ്റിയെന്ന് തോന്നുന്നു.’ എന്ന കുറിപ്പും പാഴ്‌സലിനൊപ്പം അയച്ചിരുന്നു. കണ്ണൂരില്‍ ഷാഫി പറമ്പിലിന് പിന്തുണയര്‍പ്പിച്ച് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് ഈ പുതിയ പ്രതിഷേധം അരങ്ങേറിയിരിക്കുന്നത്. പാര്‍ട്ടിക്കുള്ളിലെ ഈ ആഭ്യന്തര ഭിന്നത കോണ്‍ഗ്രസില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.
ഷാഫി എ ഗ്രൂപ്പുകാരനല്ലെന്നും, അഥവാ എ ഗ്രൂപ്പാണെങ്കില്‍ അത് എട്ടാമത്തെ അത്ഭുതമാണെന്നുമായിരുന്നു ഉണ്ണിത്താന്റെ വിമര്‍ശനം. തനിക്കെതിരായ സൈബര്‍ ആക്രമണത്തിന് പിന്നില്‍ ‘പെട്ടിതാങ്ങികള്‍’ ആണെന്നും, ആശാന് വേണ്ടി അടൂരിലെ ശിഷ്യന്‍ ഇറങ്ങിയിരിക്കുകയാണെന്നും രാഹുല്‍ മാങ്കൂട്ടത്തിലിനെ പരോക്ഷമായി പരാമര്‍ശിച്ച് അദ്ദേഹം ആരോപിച്ചിരുന്നു.








