കുമ്പള: കുമ്പള പഞ്ചായത്ത് കേരളോത്സവത്തില്‍ ആവേശം കയറി പഞ്ചായത്ത് പ്രസിഡന്റ് കളിക്കളത്തിലിറങ്ങി നടത്തിയ കളിയില്‍ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും രണ്ടു വര്‍ഷത്തിനുശേഷം പഞ്ചായത്തു പ്രസിഡന്റാവാന്‍ നിശ്ചയിച്ചിട്ടുള്ളയാളുമായ എ കെ ആരിഫിന് ഒരു പങ്കുമില്ലെന്നു വോയിസ് ക്ലിപ്പില്‍ അദ്ദേഹം നാട്ടുകാരെ അറിയിച്ചു. തനിക്കു മാത്രമല്ല മറ്റു സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ക്കും അതിനെക്കുറിച്ച് ഒരറിവുമില്ലെന്നു ആരിഫ് വോയിസ് മെസ്സേജില്‍ പറഞ്ഞു.
ഒരു കളിക്കാരന്റെ അഡ്രസ്സ് പ്രൂഫുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നു ആരോപണ വിധേയന്റെ വിലാസം ബോധ്യപ്പെട്ടശേഷം മത്സരം നടത്താന്‍ മാറ്റിവച്ച ക്രിക്കറ്റ് ഇനത്തില്‍ പിന്നീട് മത്സരം നടത്താതെ ഒരു ടീം വിജയിച്ചതായി പഞ്ചായത്തു പ്രസിഡന്റ് വി പി അബ്ദുല്‍ ഖാദര്‍ സ്വയം പ്രഖ്യാപിച്ചതാണ് പഞ്ചായത്ത് മെമ്പര്‍മാരെയും പഞ്ചായത്തിലെ കായിക തല്‍പ്പരരെയും പ്രകോപിപ്പിച്ചത്.
കേരളോത്സവത്തിന്റെ ലക്ഷ്യത്തെപ്പോലും തലകീഴ്മറിച്ചുകൊണ്ടു മത്സരം നടത്താതെ ഫലം പ്രഖ്യാപിക്കാന്‍ അബ്ദുല്‍ ഖാദറിന് ആരാണ് അധികാരം നല്‍കിയതെന്നു ഒലീവ് ബംബ്രാണ ക്ലബ്ബ് ആരാഞ്ഞു. നീതിയും തുല്യ പരിഗണനയും ഇക്കാര്യത്തില്‍ ഉറപ്പാക്കുന്നത് വരെ ക്ലബ്ബ് മുന്നോട്ടു പോവുമെന്ന് അവര്‍ മുന്നറിയിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് പക്ഷപാതക്കാരനാണെന്നും തല്‍സ്ഥാനത്തിരിക്കുമ്പോള്‍ നിഷ്പക്ഷമായും സത്യസന്ധമായും സുതാര്യമായും പ്രവര്‍ത്തിക്കുമെന്നു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റയാള്‍ സത്യപ്രതിജ്ഞ ചെയ്തു കഴിഞ്ഞ ഉടനെ അത് ചവറ്റുകുട്ടയില്‍ എറിഞ്ഞുവെന്നു പ്രകടമായി തെളിയിച്ചിരിക്കുകയാണെന്നും ഒലീവ് ക്ലബ്ബ് പറഞ്ഞു. അത്തരത്തില്‍ ഒരാള്‍ തുടര്‍ന്നും പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വഹിക്കുന്നതു ഒലീവ് ക്ലബ്ബിനും പഞ്ചായത്തിലെ ജനങ്ങള്‍ക്കും മാത്രമല്ല, ജനാധിപത്യ വ്യവസ്ഥക്ക് തന്നെ കടുത്ത വെല്ലുവിളിയാണെന്ന് ഒലീവ് ക്ലബ്ബ് ഭാരവാഹികള്‍
മുന്നറിയിച്ചു.
വിവാദത്തെ തുടര്‍ന്നു മാറ്റിവെച്ച മത്സരം നടത്താതെ സ്വന്തം വാര്‍ഡായ പെറുവാടിലെ ടീമിനെ വിജയികളായി പഞ്ചായത്ത് പ്രസിഡന്റ് സ്വയം പ്രഖ്യാപിച്ചു. മാത്രമല്ല ബ്ലോക്ക്തല മത്സരത്തില്‍ പങ്കെടുക്കാന്‍ ആ ക്ലബ്ബിനു യോഗ്യത നല്‍കുകയും ചെയ്തു. ഇതില്‍ കൂടുതല്‍ പക്ഷപാതം ലോകം കണ്ടിട്ടുണ്ടാവില്ലെന്നു ക്ലബ്ബ് ചൂണ്ടിക്കാട്ടി.
അതേസമയം ഇത്തരത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് എടുത്ത തീരുമാനം ഏകപക്ഷീയമാണെന്ന് എ കെ ആരിഫ് വോയിസ് മെസ്സേജില്‍ പറഞ്ഞു. ഒരു സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനോടും ചോദിച്ചിട്ടില്ല. മെമ്പര്‍മാരോടും ചോദിച്ചിട്ടില്ല. എന്തായാലും ഇത് സംബന്ധിച്ച് താന്‍ പാര്‍ട്ടിക്ക് പരാതി നല്‍കുമെന്ന് ആരിഫ് വോയ്‌സ് മെസേജില്‍ അറിയിച്ചു.







