കാസര്‍കോട്: ജില്ലയെ കര്‍ണാടകയില്‍ ലയിപ്പിക്കണമെന്ന ഡോ. ബന്നാരിയുടെ പ്രസ്താവനയില്‍ ഭരണഭാഷാ സംരക്ഷണ സമിതി പ്രതിഷേധിച്ചു.
മലയാളം, കന്നഡ, ഉറുദ, തുളു, കൊങ്കണി, മറാത്തി, ബ്യാരി തുടങ്ങി വിവിധ ഭാഷകളും സംസ്‌കാരങ്ങളും ഒരുമിച്ച് നിലകൊള്ളുന്ന സവിശേഷമായ ഭാഷാ സംഗമഭൂമിയാണ് കാസര്‍കോട് ജില്ലയെന്നു പ്രസിഡന്റ് മെഹ്‌മൂദ് കൈകമ്പ ചൂണ്ടിക്കാട്ടി. മഞ്ചേശ്വരം താലൂക്കും അതിര്‍ത്തി പ്രദേശങ്ങളും നൂറ്റാണ്ടുകളായി ബഹുഭാഷാ സഹവര്‍ത്തിത്വത്തിന്റെയും സാംസ്‌കാരിക ഐക്യത്തിന്റെയും മാതൃകയാണ്.
കാസര്‍കോടിന്റെ ഭാഷാ വൈവിധ്യത്തെ ഒരു വിഭജനത്തിനുള്ള കാരണമായി കാണുന്നതിന് പകരം ഏറ്റവും വലിയ സാംസ്‌കാരിക സമ്പത്തായി കാണുകയാണ് വേണ്ടത്. ഇവിടെ കന്നഡ സംസാരിക്കുന്നവരും തുളു സംസാരിക്കുന്നവരും കൊങ്കണി സംസാരിക്കുന്നവരും മലയാളം സംസാരിക്കുന്നവരും ഉള്‍പ്പെടെ എല്ലാ ഭാഷാ വിഭാഗങ്ങള്‍ക്കും തുല്യമായ അവകാശങ്ങളും പരിഗണനയും ലഭിക്കണം.
ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അതോടൊപ്പം മലയാള ഭാഷയ്ക്കും കാസര്‍കോടിന്റെ തനതായ. ഭാഷാ-സാംസ്‌കാരിക പൈതൃകത്തിനും അര്‍ഹമായ സംരക്ഷണം ഉറപ്പാക്കുകയും വേണം.
ഒരു വ്യക്തിയുടെ പ്രസ്താവനയുടെ പേരില്‍ ജനങ്ങള്‍ക്കിടയില്‍ അനാവശ്യമായ ആശയക്കുഴപ്പവും വിഭാഗീയതയും സൃഷ്ടിക്കപ്പെടുന്നത് ഒഴിവാക്കണം. കാസര്‍കോടിന്റെ ഭാവിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ചരിത്രപരമായ വസ്തുതകളുടെയും ഭരണഘടനാപരമായ സംവിധാനങ്ങളുടെയും ജനാധിപത്യപരമായ സംവാദങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കണം.
കാസര്‍കോട് കേരളത്തിന്റെ അവിഭാജ്യ ഭാഗമാണെന്ന് മഹ്‌മൂദ് കൈക്കമ്പ പറഞ്ഞു. എല്ലാ ഭാഷാ വിഭാഗങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കണമെന്നു അദ്ദേഹം ആവര്‍ത്തിച്ചു.







