ഷാർലറ്റ് (നോർത്ത് കാരലൈന): കേരളത്തിന്റെ സാംസ്കാരിക പൈതൃകവും മലയാളത്ത നിമയും വിളിച്ചറിയിച്ചുകൊണ്ടു കേരളപ്പിറവി ആഘോഷിച്ചു. വേൾഡ് മലയാളി കൗൺസിൽ ഷാർലറ്റ് പ്രൊവിൻസിന്റെ നേതൃത്വത്തിൽ 21ന് കേരളപ്പിറവി ആഘോഷം സംഗീതവും നൃത്തവും നാടകവും ചെണ്ടമേളവുംകൊണ്ട് പ്രവാസി മലയാളികളുടെ സാംസ്കാരിക സംഗമമായി മാറി.
സാജു തുരുത്തേൽ, എൽദോ പോൾ, ഷാജി പീറ്റർ, ജോൺ പീറ്റേഴ്സ്, സിബി ജേക്കബ് എന്നിവർ ചേർന്ന് ഭദ്രദീപം തെളിച്ചതോടെ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ഇന്ത്യയുടെയും അമേരിക്കയുടെയും ദേശീയഗാനങ്ങൾ ആലപിച്ചു. എൽദോ പോൾ സ്വാഗതം ആശംസിച്ചു.
49-ാമത് മിസിസ് യൂണിവേഴ്സ് 2026 മത്സരത്തിൽ അവസാന 25 മത്സരാർഥികളിൽ ഇടം നേടുകയും ‘മിസിസ് യൂണിവേഴ്സ് പേഴ്സണാലിറ്റി’ പുരസ്കാരം കരസ്ഥമാക്കുകയും ചെയ്ത സ്മിത ഭാസി സഞ്ജീവിനെ ചടങ്ങിൽ മുഖ്യാതിഥിയായി ആദരിച്ചു. ആഘോഷങ്ങൾക്ക് പിന്തുണ നൽകിയ ജോൺ പീറ്റേഴ്സ്, ജോർജ് ജോസഫ്, ഷാജി പീറ്റർ, എൽദോ പോൾ എന്നിവരുൾപ്പെടെയുള്ള സ്പോൺസർമാരെയും ചടങ്ങിൽ ആദരിച്ചു.

പീറ്റർ കോരത്തിന്റെയും സംഘത്തിന്റെയും സംഘഗാനം, ആനു ജോസിന്റെയും സംഘത്തിന്റെയും നൃത്തം, രുഗ്മിണി ശ്രീജിത്തിന്റെ നേതൃത്വത്തിൽ അവതരിപ്പിച്ച ‘കറുകറെ കാർമുകിൽ’ മോഹിനിയാട്ടം എന്നിവ ആഘോഷത്തിന് മാറ്റേകി.
സമൂഹമാധ്യമങ്ങളുടെ സ്വാധീനം പ്രമേയമാക്കി ഷാജി പീറ്ററും സംഘവും അവതരിപ്പിച്ച ‘കൊടുത്താൽ കൊല്ലത്തും കിട്ടും’ എന്ന ഹാസ്യനാടകവും വീണ ശബരീഷിന്റെ നേതൃത്വത്തിൽ കുട്ടികൾ അവതരിപ്പിച്ച ‘ഏകലവ്യൻ’ നൃത്തനാടകവും ശ്രദ്ധേയമായി.
ട്രയാഡ് പ്രൊവിൻസിൽ നിന്നുള്ള ലിജി ശ്രീജേഷ്, അഞ്ജനി ശ്രീനിവാസൻ ഭരദ്വാജ് എന്നിവരുടെ നൃത്താവതരണങ്ങൾ, യുഗ്മഗാനങ്ങൾ, സംഘനൃത്തങ്ങൾ, കുട്ടികളും മുതിർന്നവരും കേരളീയ വേഷവിധാനങ്ങളോടെ അണിനിരന്ന ഫാഷൻ ഷോ എന്നിവ ആഘോഷത്തിന് മിഴിവ് പകർന്നു..
ജിനക്സും രേണുക രാഹുലും അവതാരകരായി. ഷിബി നന്ദി രേഖപ്പെടുത്തി. ഷാർലറ്റ് പഞ്ചാരിമേളം കൂട്ടായ്മയുടെ ചെണ്ടമേളത്തോടെയും തനത് കേരളീയ വിഭവങ്ങളൊരുക്കിയ വിരുന്നോടെയും ആഘോഷങ്ങൾക്ക് സമാപിച്ചു .
പ്രവാസലോകത്ത് മലയാളഭാഷയും സംസ്കാരവും പുതുതലമുറയ്ക്ക് പകർന്നുനൽകുന്നതിനും മലയാളികൾക്കിടയിലെ സൗഹൃദവും കൂട്ടായ്മയും ശക്തിപ്പെടുത്തുന്നതിനുമുള്ള വേദിയായി കേരളപ്പിറവി ആഘോഷം മാറി.
1995-ൽ രൂപീകൃതമായ വേൾഡ് മലയാളി കൗൺസിൽ ലോകമെമ്പാടുമുള്ള മലയാളികളെ ഒരു കുടക്കീഴിൽ അണിനിരത്തുന്ന ആഗോള സംഘടനയാണെന്നും മലയാള ഭാഷയുടെയും സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും സംരക്ഷണത്തോടൊപ്പം സാമൂഹിക, ജീവകാരുണ്യ പ്രവർത്തനങ്ങളിലും സംഘടന നിർണായക പങ്കുവഹിക്കുന്നുണ്ടെന്നും വേൾഡ് മലയാളി കൗൺസിൽ ഒസിഐ ഫോറം ഗ്ലോബൽ ചെയർമാൻ സാജു തുരുത്തേൽ പറഞ്ഞു.








