തൃശൂര്‍: പെരിഞ്ഞനം വെസ്റ്റ് മാളിയേക്കല്‍ ശ്രീഗണപതി ക്ഷേത്രത്തില്‍ മോഷണം. മോഷ്ടിക്കാനെത്തിയ കള്ളന്‍ ‘ചില്ലറ’ക്കാരനല്ല. ചില്ലറനാണയങ്ങളും കറന്‍സികളും ഒഴിവാക്കി 100, 200, 500 രൂപയുടെ നോട്ടുകള്‍ മാത്രമാണ് മോഷ്ടിച്ചത്. ക്ഷേത്രത്തില്‍ കയറിയ മോഷ്ടാവ് രണ്ട് ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്നാണ് പണം കവര്‍ന്നത്. ഭണ്ഡാരത്തിലുണ്ടായിരുന്ന 20, 10 രൂപ നോട്ടുകളും ചില്ലറ നാണയങ്ങളും ക്ഷേത്രപരിസരത്ത് വിതറിയ നിലയില്‍ കണ്ടെത്തി. എന്നാല്‍ ഭണ്ഡാരത്തിലുണ്ടായിരുന്ന 50, 100, 500 രൂപ നോട്ടുകള്‍ കൊണ്ടുപോയിട്ടുണ്ട്. തിങ്കളാഴ്ച പുലര്‍ച്ചെ 5.50 ഓടെ പൂജാരി ക്ഷേത്രത്തിലെത്തിയപ്പോഴാണ് മോഷണം ശ്രദ്ധയില്‍പെട്ടത്. ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന നിലയിലായിരുന്നു. മോഷണം നടത്തുന്നതിന് മുമ്പായി ക്ഷേത്രത്തിലെ സിസിടിവി ക്യാമറകള്‍ മുകളിലേക്ക് തിരിച്ചു വെച്ചിരുന്നു. മോഷണം മറയ്ക്കാനായി വെച്ചതാണെന്നാണ് സംശയം. സംഭവത്തില്‍ കയ്പമംഗലം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മോഷ്ടാവിനെ കണ്ടെത്തുന്നതിനായി ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.








