കാസര്‍കോട്; മഞ്ചേശ്വരം എക്സൈസ് ചെക്ക്പോസ്റ്റില്‍ കൈ കാണിച്ചിട്ടും നിര്‍ത്താതെ കടന്നു കളഞ്ഞ ബുള്ളറ്റിനെ സിനിമാ സ്റ്റൈലിൽ പിന്തുടര്ന്ന് പിടികൂടി. 3.306 ഗ്രാം എംഡിഎംഎ, 1.129 ഗ്രാം കഞ്ചാവ്, കത്തി, വടിവാള്‍ എന്നിവയുമായി യുവാവിനെ അറസ്റ്റു ചെയ്തു. ഉപ്പള, പത്വാടിയിലെ കലന്ദര്‍ മന്‍സിലില്‍ അബ്ദുല്‍ റൗഫിനെയാണ് കുമ്പള സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അനൂപ് കൃഷ്ണ ആര്.പിയുടെ സഹായത്തോടെ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി. കൃഷ്ണകുമാറും സംഘവും അറസ്റ്റു ചെയ്തത്.
ഇന്നലെ (ചൊവ്വ) രാത്രി 9.45 മണിയോടെയാണ് സംഭവം. സിഐയുടെ നേതൃത്വത്തില്‍ കുമ്പള എക്സൈസ് റെയ്ഞ്ച് പാര്‍ട്ടിയും കെമു പാര്‍ട്ടിയും മഞ്ചേശ്വരം എക്സൈസ് ചെക്ക് പോസ്റ്റില്‍ വാഹന പരിശോധന നടത്തുകയായിരുന്നു. ഇതിനിടയിലാണ് ബുള്ളറ്റ് എത്തിയത്. കൈകാണിച്ചപ്പോള്‍ നിര്‍ത്താതെ പോയ ബുള്ളറ്റിനെ പിന്തുടര്ന്ന് ഉപ്പള റെയില്വെസ്റ്റേഷന് റോഡില്‍ നിന്നും ബപ്പായിത്തൊട്ടി പോകുന്ന റോഡിനു സമീപത്തെ ഗ്രൗണ്ടില്‍ വച്ച് അതിസാഹസികമായി പിടികൂടുകയായിരുന്നു. ഇതിനിടയിലാണ് പൊലീസും സ്ഥലത്തെത്തിയത്.
എക്സൈസ് സംഘത്തില്‍ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ജിതിന്, സജിത്ത്, പ്രിവന്റീവ് ഓഫീസര്‍ മൊയ്തീന് സാദിഖ്, നിഷാദ് പിഎ, രമേശന്, അനില്‍കുമാര്‍, ഡ്രൈവര്‍ പ്രദീപന് എന്നിവരും ഉണ്ടായിരുന്നു.







