കാസര്‍കോട്: തനിക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്നതിനു പിന്നില്‍ ചില പെട്ടിതാങ്ങികളാണെന്നു രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി പറഞ്ഞു. ഷാഫി പറമ്പിൽ എം.പി
എ ഗ്രൂപ്പുകാരനല്ലെന്നു പറഞ്ഞതിനാണ് തനിക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്നത്. ആശാനു വേണ്ടി ശിഷ്യന്‍ കളത്തില്‍ ഇറങ്ങിയിരിക്കുകയാണ്. അടൂരിലെ ഒരു വീട്ടില്‍ നിന്നാണ് തനിക്കെതിരെ ആസൂത്രിത നീക്കങ്ങള്‍ വരുന്നത്- രാഹുല്‍ മാങ്കൂട്ടത്തെ ലക്ഷ്യം വച്ച് ഉണ്ണിത്താന്‍ ആഞ്ഞടിച്ചു.
തന്നെ ഇനിയും പ്രകോപിപ്പിച്ചാല്‍ തന്റെ ഡയറിയിലുള്ള പല രഹസ്യങ്ങളും പുറത്തു വിടും. ഉമ്മന്‍ചാണ്ടിക്കെതിരെ സോളാര്‍ കേസ് വന്നപ്പോള്‍ സ്വന്തം പ്രതിച്ഛായ നഷ്ടപ്പെടുമെന്ന് ഭയന്ന് തലയില്‍ മുണ്ടിട്ട് ഓടിയൊളിച്ചവരാണ് ഇന്ന് ഉമ്മന്‍ ചാണ്ടി സ്‌കൂള്‍ ഓഫ് പൊളിറ്റിക്‌സിന്റെ വക്താക്കളായി എത്തിയിരിക്കുന്നത്-ഉണ്ണിത്താന്‍ പറഞ്ഞു.
ഉമ്മന്‍ചാണ്ടിയേയും ഭാര്യ മറിയാമ്മയേയും മകള്‍ മറിയത്തെയും പ്രതിപക്ഷം വളഞ്ഞിട്ട് ആക്രമിച്ചപ്പോള്‍ പ്രതിരോധിക്കാന്‍ താനും ടി സിദ്ദീഖും മാത്രമേ ഉണ്ടായിരുന്നുള്ളൂ. കാഞ്ഞങ്ങാട് വച്ച് കോടിയേരി ബാലകൃഷ്ണനെതിരെ വാര്‍ത്താ സമ്മേളനം നടത്തി തിരുവനന്തപുരത്തേയ്ക്ക് തിരിച്ചു വരുമ്പോള്‍ ട്രെയിനില്‍ വച്ച് സി പി എം- ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ചു. അന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞപ്പോള്‍ തന്നെ കാണാന്‍ ആദ്യം ഓടിയെത്തിയത് ഉമ്മന്‍ചാണ്ടിയായിരുന്നു- ഉണ്ണിത്താന്‍ പറഞ്ഞു.







