പാണത്തൂരിലെ ജില്‍ഷയ്ക്ക് വീണ്ടും മെഡല്‍ നേട്ടം; ദേശീയ സ്‌കൂള്‍ ഗെയിംസില്‍ റിലേയ്ക്ക് വെങ്കലം

രാജപുരം: മധ്യപ്രദേശിലെ ശിവപുരിയില്‍ നടന്ന 70-ാമത് ദേശീയ സ്‌കൂള്‍ ഗെയിംസില്‍ 4×100 മീറ്റര്‍ റിലേ മത്സരത്തില്‍ വെങ്കല മെഡല്‍ നേടി പാണത്തൂര്‍ സ്വദേശി ജില്‍ഷ ജിനില്‍. ദേശീയതലത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചാണ് ജില്‍ഷയും ടീമും ഈ നേട്ടം സ്വന്തമാക്കിയത്. തിരുവനന്തപുരം ജി.വി. രാജ സ്‌പോര്‍ട്‌സ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് ജില്‍ഷ. കോഴിക്കോട് നടന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഓട്ടമത്സരത്തില്‍ 11.29 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് ജില്‍ഷ സ്വര്‍ണമെഡല്‍ നേടിയിരുന്നു. സംസ്ഥാനത്തെ ഏറ്റവും വേഗമേറിയ ജൂനിയര്‍ താരങ്ങളിലൊരാളായി ശ്രദ്ധ നേടാനും ജില്‍ഷയ്ക്ക് സാധിച്ചിരുന്നു. 2023 മുതല്‍ ദേശീയ, സൗത്ത് സോണ്‍, സംസ്ഥാന അത്ലറ്റിക് മീറ്റുകളിലായി നിരവധി സ്വര്‍ണം, വെള്ളി, വെങ്കല മെഡലുകളും മീറ്റ് റെക്കോര്‍ഡും ജില്‍ഷ സ്വന്തമാക്കിയിട്ടുണ്ട്. ഭുവനേശ്വറില്‍ നടന്ന ദേശീയ ജൂനിയര്‍ അത്ലറ്റിക്‌സിലെ സ്വര്‍ണമെഡലും ജില്‍ഷയ്ക്ക് നേടിയിരുന്നു. തുടര്‍ച്ചയായ വിജയങ്ങളിലൂടെ കായികരംഗത്ത് മുന്നേറുന്ന ജില്‍ഷയുടെ നേട്ടങ്ങള്‍ ജില്ലയ്ക്ക് അഭിമാനമായി മാറുകയാണ്. പാണത്തൂര്‍ വട്ടക്കയത്തെ ജിനില്‍ മാത്യുവിന്റയും ജോമിയുടെയും മകളാണ് ജില്‍ഷ. ജില്‍നാ ജിനില്‍, ജില്‍ജൊ ജിനില്‍ എന്നിവരാണ് ജില്‍ഷയുടെ സഹോദരങ്ങള്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page