കാസര്‍കോട്: പുതിയ ബസ് സ്റ്റാന്‍ഡിനു സമീപത്തെ അനധികൃത കൈയേറ്റങ്ങളും താല്‍ക്കാലിക കച്ചവട സ്ഥാപനങ്ങളും ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. കിംസ് ആശുപത്രി മുതല്‍ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരം വരെയുള്ള ദേശീയപാതയോരങ്ങളിലെ അനധികൃത തട്ടുകടകളും മറ്റ് താല്‍ക്കാലിക നിര്‍മ്മിതികളും വെളളിയാഴ്ച പൊളിച്ചുനീക്കും. അനധികൃതമായി 11 കച്ചവട സ്ഥാപനങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീംകോടതിയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. നേരത്തെ ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഒഴിപ്പിക്കല്‍ നടപടികള്‍ പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് അധികൃതര്‍ തുടര്‍നടപടികളിലേക്ക് കടന്നത്.
തഹസില്‍ദാര്‍, നഗരസഭ, റവന്യൂ, ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംയുക്തമായി ചൊവ്വാഴ്ച പ്രദേശത്ത് പരിശോധന നടത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സുരക്ഷയോടെ വെള്ളിയാഴ്ച അനധികൃത താല്‍ക്കാലിക നിര്‍മ്മിതികളും പൊളിച്ചുനീക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ദേശീയപാതയോരത്തെ കൈയേറ്റങ്ങള്‍ ഒഴിവാക്കി റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും ഗതാഗതതടസങ്ങള്‍ കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടാണ് നടപടി.








