കേരളം വളരുന്നു- ഭൂവിസ്തൃതിയിലല്ല; കേരളം തിളങ്ങുന്നു- സൂര്യപ്രകാശത്തിലല്ല; വൈജ്ഞാനിക മേഖലയിലാണ് കേരളം വളരുകയും തിളങ്ങുകയും ചെയ്യുന്നത്. ആസന്നഭാവിയില്‍ സംഭവിക്കാന്‍ പോകുന്നത്.
ഗ്രാമംതോറും സര്‍വ്വകലാശാലകള്‍. ആര്‍ക്കും തുടങ്ങാം തങ്ങളുടെ പരിസരത്ത് ഒരു സര്‍വകലാശാല. കുറഞ്ഞ മുതല്‍ മുടക്ക് മതി. വെറുതെ മോഹിപ്പിക്കാന്‍ പറയുന്നതല്ല.
സംസ്ഥാന നിയമസഭയുടെ അടുത്ത സമ്മേളനത്തില്‍ ഇതിനുള്ള ബില്ല് അവതരിപ്പിക്കും;പാസ്സാക്കും. ഗവര്‍ണര്‍ ഒപ്പിട്ട വിജ്ഞാപനം ചെയ്യുന്നതോടെ യാഥാര്‍ത്ഥ്യമാകും. (വാര്‍ത്ത മാതൃഭൂമി-18 -11- 2018).
ഭരണമൊഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചതായിരുന്നു ഇക്കാര്യം. എന്നാല്‍ പ്രതിപക്ഷ മുന്നണി എതിര്‍ത്തതിനാല്‍ ബില്ല് പാസാക്കാനായില്ല. ഇപ്പോള്‍, ഇതാ അന്ന് എതിര്‍ത്തവര്‍ സ്വകാര്യ സര്‍വകലാശാലകള്‍ ആകാം എന്ന് പറയുന്നു- കൂടുതല്‍ ഇളവുകളോടെ. സ്വകാര്യ സര്‍വകലാശാലാ ബില്ലിന്റെ കരടിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് രൂപം നല്‍കിക്കഴിഞ്ഞു. പത്രവാര്‍ത്തയില്‍ നിന്ന് മനസ്സിലാക്കിയത് പറയാം: ഒന്നില്‍ കൂടുതല്‍ ക്യാമ്പസുകളെ ഒന്നായി ചേര്‍ത്ത് സ്വകാര്യ സര്‍വകലാശാലകള്‍ യഥേഷ്ടം തുടങ്ങാവുന്നതാണ് എന്നതാണത്രേ പ്രധാന വ്യവസ്ഥ. സര്‍വകലാശാലാ പ്രവര്‍ത്തിപ്പിക്കാനാവശ്യമായ സ്ഥലം കണ്ടെത്തുക എന്ന വിഷമപ്രശ്നവും അലട്ടേണ്ടാ. പത്തേക്കര്‍ സ്ഥലം- അതും ഗ്രാമത്തിലും, നഗരത്തിലുമായി മതിയാകും.
പണം കെട്ടി വയ്ക്കണം സ്വകാര്യ സര്‍വകലാശാല അനുവദിക്കണമെങ്കില്‍. വെറും അഞ്ചു കോടി രൂപ കെട്ടിവെച്ചാല്‍ മതി. പഴയ ബില്ലില്‍ നിര്‍ദേശിച്ചിരുന്നത് 25 കോടി രൂപ കെട്ടിവയ്ക്കാനായിരുന്നു. പുതിയ നിര്‍ദ്ദേശം അതിന്റെ അഞ്ചിലൊന്ന് -അഞ്ചു കോടി രൂപ മതി എന്നാണത്രേ. സര്‍വ്വകലാശാല തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ കെട്ടിവയ്ക്കാന്‍ പണമില്ലല്ലോ എന്ന് വേവലാതിപ്പെടേണ്ട.
ചില എയിഡഡ് സ്ഥാപനങ്ങള്‍ സ്വകാര്യ സര്‍വകലാശാലയാക്കി മാറ്റാന്‍ സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ടത്രേ. എയിഡഡ് കോളേജ് സ്വകാര്യ സര്‍വ്വകലാശാല ആക്കിയാല്‍ അധ്യാപകരുടെയും മറ്റു ജീവനക്കാരുടെയും ശമ്പളം ആര് കൊടുക്കും. ഇപ്പോള്‍ സ്വകാര്യ കോളേജുകളിലും സ്‌കൂളുകളിലും ജോലി ചെയ്യുന്നവരുടെ ശമ്പളം നല്‍കുന്നത് സര്‍ക്കാരാണ്. റിട്ടയര്‍ ചെയ്തതിനു ശേഷം പെന്‍ഷന്‍ നല്‍കുന്നതും. ഇതില്‍ ഒരു മാറ്റം പുതിയ പദ്ധതിയില്‍- ശമ്പളം മാനേജ്മെന്റ് നല്‍കും. പെന്‍ഷന്‍ സര്‍ക്കാരും. ഇതാണ് പരിഗണനയില്‍ ഉള്ളത് ഇതിന് സര്‍ക്കാരിന്റെ ഉത്തരവുണ്ടായാല്‍ മതിയാകും. അതുകൊണ്ട് ബില്ലില്‍ ഇക്കാര്യം ഉള്‍പ്പെടുത്തിയിട്ടില്ല. ശമ്പളം മാനേജ്മെന്റും പെന്‍ഷന്‍ സര്‍ക്കാരും എന്ന തരംതിരിവ് എന്തിന്? രണ്ടും സര്‍ക്കാര്‍-അല്ലെങ്കില്‍ മാനേജ്മെന്റ് നല്‍കണം എന്നാക്കിയാല്‍ പോരേ? മുന്‍ സര്‍ക്കാരിന്റെ ബില്ലില്‍ ഉണ്ടായിരുന്ന പല വ്യവസ്ഥകളും പുതിയ ബില്ലിലുണ്ട്. ഇപ്പോഴായിരിക്കും അന്ന് എതിര്‍ത്തവര്‍ക്ക് ഇതാണ് ഏറെ പ്രയോജനകരം എന്ന ബോധം ഉദിച്ചത്. പക്ഷം മാറുമ്പോള്‍ നയവും മാറും. ഇതാണല്ലോ രാഷ്ട്രീയം!
പുതിയ ബില്ല് പ്രകാരം സ്വകാര്യ സര്‍വകലാശാലകളുടെ തലപ്പത്ത് വിദ്യാഭ്യാസ മന്ത്രി ആയിരിക്കും- വിസിറ്റര്‍ എന്ന പദവിയില്‍. വിസിറ്റര്‍ എന്ന ആംഗല പദത്തിന്റെ അര്‍ത്ഥം സന്ദര്‍ശകന്‍. വിദ്യാഭ്യാസ മന്ത്രിക്ക് തോന്നുമ്പോള്‍ ഒരു സന്ദര്‍ശനം. അതായിരിക്കുമോ മന്ത്രിയെ വിസിറ്റര്‍ പദവിയില്‍ അവരോധിക്കുമ്പോള്‍ ഉദ്ദേശിച്ചത്. മന്ത്രിയാകാന്‍ വകുപ്പ് ഏതായാലും, വിശേഷ യോഗ്യത നിശ്ചയിച്ചിട്ടില്ലല്ലോ. മുന്നണി മന്ത്രിസഭയാകുമ്പോള്‍ അതാണ് സൗകര്യം. പ്രായോഗികവും. കേരളസംസ്ഥാനം രൂപീകൃതമായ ശേഷം തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ ആദ്യ മന്ത്രിസഭയില്‍ വിദ്യാഭ്യാസ മന്ത്രി ഒരു കോളേജ് പ്രൊഫസറായിരുന്നു. ജോസഫ് മുണ്ടശ്ശേരി. ആരോഗ്യമന്ത്രി ഡോക്ടര്‍ എ ആര്‍ മേനോന്‍. അതിനുശേഷം ഇന്നേവരെ അംഗീകൃത യോഗ്യത നോക്കി മന്ത്രിമാര്‍ക്ക് വകുപ്പ് നല്‍കിയിട്ടില്ല. ഏത് വകുപ്പ് വേണമെന്ന് പാര്‍ട്ടി പറയും. അത്പ്രകാരം വകുപ്പ് നല്‍കും. അത് കൈകാര്യം ചെയ്യാന്‍ യോഗ്യതയുള്ള നേതാവ് ആ പാര്‍ട്ടിയില്‍ നിന്നും തിരഞ്ഞെടുക്കപ്പെടണമെന്നില്ലല്ലോ.
പുതിയ ബില്ലില്‍ വൈസ് ചാന്‍സിലര്‍ എന്ന പദവി വഹിക്കാന്‍ പ്രായപരിധി നിശ്ചയിച്ചിട്ടില്ല.നിലവില്‍ 70 വയസ്സുവരെ വൈസ് ചാന്‍സിലന്മാര്‍ക്ക് പദവിയില്‍ തുടരാം. എന്നാല്‍ പുതിയ ബില്ലില്‍ പ്രായപരിതിയെ നിഷ്‌ക്കര്‍ഷിച്ചിട്ടില്ലാത്തത് കൊണ്ട് ആജീവനാന്തം വി സി ഉയര്‍ന്ന പ്രായപരിധി എന്ന വ്യവസ്ഥ വെയ്ക്കാത്തത് ഒരു സദുദ്ദേശത്തോടെയാണത്രേ. വിദ്യാഭ്യാസ വിദഗ്ധരുടെയും തൊഴില്‍ വിദഗ്ധരുടെയും സേവനം
മറ്റ് സേവനമേഖലകളില്‍ നിന്ന് വിരമിച്ച ശേഷവും (പ്രായപരിധി അടിസ്ഥാനത്തില്‍) ലഭ്യമാകുമല്ലോ.
കേന്ദ്രസര്‍വകലാശാലകളില്‍ മാത്രമാണ് ഇപ്പോള്‍ വിസിറ്റര്‍ പദവി ഉള്ളത്. രാഷ്ട്രപതിയാണ് കേന്ദ്ര സര്‍വകലാശാലകളുടെ വിസിറ്റര്‍. സ്വകാര്യ സര്‍വകലാശാലകളില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആയിരിക്കും വിസിറ്റര്‍. സമ്പൂര്‍ണ്ണ നിയന്ത്രണാധികാരം സംസ്ഥാന സര്‍ക്കാരിനായിരിക്കും. അതായത് മന്ത്രിമാര്‍ക്ക.് വൈസ് ചാന്‍സിലറെ നിയമിക്കാനുള്ള അധികാരം കേന്ദ്രസര്‍വകലാശാലകളില്‍, വിസിറ്റര്‍ക്കാണ്-രാഷ്ട്രപതിക്ക്. ആ അധികാരമാണ് ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് കിട്ടുന്നത്. (ഭാവിയില്‍ വിദ്യാഭ്യാസ വകുപ്പിനു വേണ്ടിയാകും ഘടകകക്ഷികള്‍ വാശിപിടിക്കുക).
ചില എയിഡഡ് സ്ഥാപനങ്ങള്‍ സ്വകാര്യ സര്‍വകലാശാലയാക്കാന്‍ സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ടത്രേ. സാമ്പത്തിക നേട്ടമാകും ലക്ഷ്യം. ശമ്പളം മാനേജ്മെന്റ് നല്‍കുമല്ലോ എന്ന് കണ്ട് സര്‍ക്കാര്‍ ഈ ആവശ്യം പരിഗണിച്ചേക്കാം. സര്‍ക്കാര്‍ ഉത്തരവ് മതി ഇതിന്. അതുകൊണ്ട് ഈ വ്യവസ്ഥ ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
വിദ്യാഭ്യാസം മഹാശ്ചര്യം! ആസന്ന ഭാവിയില്‍.








