വയസ് 67, തൊഴില്‍ മോഷണം; തിരക്കുള്ള ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തുന്ന വയോധിക പിടിയില്‍, പിടിയിലായത് കുഞ്ഞിന്റെ മാല കവര്‍ന്ന സംഭവത്തില്‍, കുടുക്കിയത് സിസിടിവി ദൃശ്യം

കൊല്ലം: ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന വയോധിക പിടിയിലായി. കൊല്ലം പരവൂര്‍ സ്വദേശി രമ (67) ആണ് പിടിയിലായത്. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തില്‍ വച്ച് കുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ചിരുന്നു. ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് കൊട്ടാരക്കര ഗണപതി ക്ഷേത്രത്തില്‍ വച്ച് ദര്‍ശനത്തിനെത്തിയ ദമ്പതികളുടെ കുഞ്ഞിന്റെ കഴുത്തില്‍ കിടന്നിരുന്ന സ്വര്‍ണമാല നഷ്ടപ്പെട്ടത്. ക്ഷേത്രത്തിലെ തിരക്കിനിടയില്‍ മാല നഷ്ടപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ട ബന്ധുക്കള്‍ ഉടന്‍ തന്നെ കൊട്ടാരക്കര പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതി ലഭിച്ചതിനെത്തുടര്‍ന്ന് കൊട്ടാരക്കര പൊലീസ് ക്ഷേത്രത്തിലെയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ചു. ദൃശ്യങ്ങളില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട രമയെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞതും പിടികൂടിയതും. പ്രായക്കൂടുതല്‍ കാരണം മറ്റുള്ളവര്‍ക്ക് സംശയം തോന്നാത്തത് ഇവര്‍ മോഷണത്തിന് മറയാക്കുകയായിരുന്നു. ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് ഭക്തയായി എത്തി സ്വര്‍ണ്ണമാലകളും മറ്റും കവരുന്ന നിരവധി മോഷണക്കേസുകളില്‍ ഇവര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ക്ഷേത്രങ്ങളിലും തിരക്കേറിയ മറ്റ് പൊതുസ്ഥലങ്ങളിലും എത്തുന്ന ഭക്തര്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page