സി പി എം പ്രവര്‍ത്തകന്‍ ധനരാജ് കൊലക്കേസ്: ആദ്യ മൂന്നു പ്രതികള്‍ കുറ്റക്കാര്‍, 16 പ്രതികളെ വെറുതെവിട്ടു, ശിക്ഷാവിധി ബുധനാഴ്ച

തളിപ്പറമ്പ്: സി പി എം ബ്രാഞ്ച് സെക്രട്ടറിയും ഡി വൈ എഫ് ഐ നേതാവുമായിരുന്ന രാമന്തളിയിലെ സി പി ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ 3 പ്രതികളെ കുറ്റക്കാരാണെന്നു കണ്ടെത്തി. മറ്റു 16 പ്രതികളെ സംശയത്തിന്റെ ആനുകൂല്യത്തില്‍ വെറുതെ വിട്ടു. ഒന്നു മുതല്‍ 3 വരെ പ്രതികളായ രാമന്തളി, മൊട്ടക്കുന്നിലെ ടി പി ബിജു (34), കക്കംപാറയിലെ എം വിപിന്‍ (34), വൈശാഖ് (31)എന്നിവരെയാണ് തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ എന്‍ പ്രശാന്ത് കുറ്റക്കാരാണെന്നു കണ്ടെത്തിയത്.
രാഷ്ട്രീയ കുറ്റകൃത്യം എന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. കൊലപാതക കാരണം തെളിയിക്കാന്‍ കഴിഞ്ഞില്ല. പ്രതികളുടെ ടവര്‍ ലൊക്കേഷന്‍ വിവരങ്ങള്‍ പോലും നല്‍കാന്‍ പ്രോസിക്യൂഷന് ആയില്ല. പൊലീസിന്റെ ഭാഗത്തു നിന്നുള്ള ഗുരുതര അന്വേഷണ വീഴ്ച്ച ഉണ്ടായി, വിധിപ്രസ്താവനക്കിടയില്‍ കോടതി പറഞ്ഞു. 2016 ജൂലായ് 11ന് രാത്രി പത്തുമണിയോടെയാണ് ധനരാജ് കൊല്ലപ്പെട്ടത്.
വീട്ടിലേക്ക് വരികയായിരുന്ന ധനരാജിനെ രണ്ടു ബൈക്കുകളിലായി ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകര്‍ പിന്തുടര്‍ന്ന് വെട്ടുകയായിരുന്നു. മാതാവിന്റെയും ഭാര്യയുടേയും മുന്നില്‍ വച്ചായിരുന്നു കൊലപാതകം നടന്നത്. രാഷ്ട്രീയ വിരോധം മൂലം ആര്‍എസ്എസ് – ബിജെപി പ്രവര്‍ത്തകരായ 20 പേര്‍ ചേര്‍ന്ന് ആസൂത്രണം നടത്തി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ്. അന്ന് പയ്യന്നൂര്‍ സി.ഐ.യായിരുന്ന വി.രമേശനാണ് ആദ്യം കേസന്വേഷിച്ചത്. പിന്നീട് സി.ഐ.യായിവന്ന എം.പി.ആസാദാണ് കേസന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page