മലപ്പുറം: പത്തുവയസ്സുകാരിയെ 70-കാരന്‍ ലൈംഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഒളിച്ചിരുന്ന് മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച കേസില്‍ 46-കാരന്‍ അറസ്റ്റില്‍. തിരുവാലി പത്തിരിയാല്‍ വട്ടപ്പറമ്പ് സ്വദേശി വട്ടപ്പറമ്പില്‍ നൗഫലിനെയാണ് വണ്ടൂര്‍ സി.ഐ ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. പകര്‍ത്തിയ ദൃശ്യങ്ങള്‍ ഇയാളുടെ മൊബൈല്‍ ഫോണില്‍ കണ്ടെത്തി.
ഫോണ്‍ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ഏപ്രിലിലാണ് പീഡന സംഭവം നടന്നത്. വട്ടപ്പറമ്പ് സ്വദേശി വിജയകുമാര്‍ കളിപ്പാട്ടങ്ങളും മറ്റും നല്‍കി പ്രലോഭിപ്പിച്ച് പത്തുവയസുകാരിയെ വീടിന് സമീപത്തെ കുറ്റിക്കാട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. വിജയകുമാറിന്റെ അയല്‍വാസിയായിരുന്നു നൗഫല്‍. കുട്ടിയെ വിജയകുമാര്‍ കൂട്ടിക്കൊണ്ടുപോകുന്നത് നൗഫല്‍ ശ്രദ്ധിച്ചിരുന്നു. പിന്നാലെ എത്തി ഒളിച്ചിരുന്ന് പീഡനദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. ഇക്കാര്യം വിജയകുമാര്‍ അറിഞ്ഞിരുന്നില്ല. പെരുമാറ്റത്തില്‍ സംശയം തോന്നിയ വീട്ടുകാര്‍ കുട്ടിയോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ഇതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്. സംഭവത്തില്‍ വിജയകുമാറിനെ ഈ മാസം 11-ന് അറസ്റ്റ് ചെയ്തിരുന്നു. നൗഫല്‍ പീഡന ദൃശ്യം മറ്റൊരു സഹൃത്തിന് ഫോണില്‍ കാണിച്ചുകൊടുത്തിരുന്നു. അയാള്‍ ബന്ധുവായ പൊലിസുകാരനോട് സംഭവം പറഞ്ഞിരുന്നു. കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് പീഡനദൃശ്യങ്ങള്‍ നൗഫല്‍ മൊബൈലില്‍ പകര്‍ത്തി സൂക്ഷിച്ചിരുന്നതായി പൊലീസിന് വിവരം ലഭിച്ചത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ പീഡനദൃശ്യങ്ങള്‍ പകര്‍ത്തി സൂക്ഷിച്ചതിനും പീഡനവിവരം ബന്ധപ്പെട്ട അധികൃതരെ അറിയിക്കാതിരുന്നതിനുമുള്ള വകുപ്പുകള്‍ ഉള്‍പ്പെടെയാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. അറസ്റ്റുചെയ്ത പ്രതിയെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി റിമാന്റുചെയ്തു.








